ചാലക്കുടി: മഴ പ്രതീക്ഷിച്ചതിലും കുറഞ്ഞത് ചാലക്കുടിപ്പുഴയോരത്ത് ആശങ്കയായി. ആറങ്ങാലി സ്റ്റേഷനിൽ കഴിഞ്ഞ ദിവസം 0.43 മീറ്ററിലേക്ക് ജലനിരപ്പ് താഴ്ന്നു. വരും ദിവസങ്ങളിൽ മഴ ശക്തമായില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും. എന്നാൽ അടുത്ത ആഴ്ചയിൽ കാലാവസ്ഥ വിദഗ്ധർ മഴ പ്രവചിക്കുന്നുണ്ട്. അത് അത്ര ശക്തമായിരിക്കുമെന്ന് പ്രതീക്ഷിക്കാൻ വയ്യ. ഈ നില തുടർന്നാൽ ചാലക്കുടി നദീതടത്തിൽ വരൾച്ച നേരിടേണ്ടി വരും. പ്രത്യേകിച്ച് ചാലക്കുടിപ്പുഴയുടെ മേൽഭാഗത്തെ പഞ്ചായത്തുകളായ അതിരപ്പിള്ളി, കോടശേരി, മേലൂർ, പരിയാരം, ചാലക്കുടി നഗരസഭ എന്നിവിടങ്ങളിൽ കടുത്ത ജലക്ഷാമം നേരിടേണ്ടി വരുമെന്ന ഭീതിയിലാണ് കർഷകർ.
ആഗസ്റ്റിൽ മുൻ വർഷങ്ങളിലേതുപോലെ വെള്ളം കയറുമെന്ന് ഭയപ്പെട്ട് വിവിധ പാടശേഖരങ്ങളിൽ കർഷകർ നെൽകൃഷി ആരംഭിച്ചിട്ടില്ല. എന്നാൽ മഴ ഒളിച്ചുകളി തുടർന്നാൽ കൃഷിയിറക്കാൻ ആവശ്യമായ വെള്ളം കിട്ടുമോയെന്നതാണ് ഇപ്പോഴത്തെ ആശങ്ക. തൃശൂർ, എറണാകുളം ജില്ലകളിലായി 15ൽപരം പഞ്ചായത്തുകൾ ചാലക്കുടിപ്പുഴയെ ആശ്രയിച്ചാണ് ജലവിതരണം നടത്തുന്നത്.
തുമ്പൂർമുഴി നദീതട പദ്ധതി വഴി ഇടതുകര, വലതുകര കനാലുകളിലൂടെയാണ് ചാലക്കുടിപ്പുഴയിൽനിന്ന് വെള്ളം കൊണ്ടുപോകുന്നത്. മഴ കുറഞ്ഞാൽ തുമ്പൂർമുഴിയിലെ നദീതട പദ്ധതിയിൽനിന്നുള്ള ജലവിതരണം പ്രതിസന്ധിയിലാകും.
സംസ്ഥാനത്ത് ഏറ്റവും അധികം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ പ്രവർത്തിക്കുന്നത് ചാലക്കുടിപ്പുഴയിലാണ്. 85ൽ പരം മേജർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളും 165ൽ പരം മൈനർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളും പ്രവർത്തിക്കുന്നു. വരൾച്ചയിൽ ചാലക്കുടിപ്പുഴയിലേക്ക് വെള്ളം തുറന്നുവിടുന്ന മുകൾത്തട്ടിലെ ഡാമുകളിലെ ജലനിരപ്പ് അത്രയൊന്നും മെച്ചപ്പെട്ട നിലയിലല്ല. പുഴയിലെ ജലനിരപ്പ് ഉയരാൻ ശക്തമായ മഴ പെയ്യുക തന്നെ വേണം. സെപ്റ്റംബർ വരെ മഴ അത്ര കാര്യമായി പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് കരുതപ്പെടുന്നത്. 2016ലെപ്പോലെ ഇത്തവണ കാലവർഷവും തുലാവർഷവും കുറയുന്ന സാഹചര്യത്തിലേക്ക് നീങ്ങുകയാണോയെന്ന് സംശയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.