ചാലക്കുടി: തുമ്പൂർമുഴി റിവർ ഡൈവർഷൻ സ്കീമിന്റെ മെയിൻ കനാലുകളുടെയും ബ്രാഞ്ച് കനാലുകളുടെയും ശുചീകരണം സമയോചിതമായില്ലെന്ന് പരാതി. കനാലുകൾ നേരത്തെ തുറക്കാനുള്ള ഇറിഗേഷൻ അഡ്വൈസറി കമ്മിറ്റിയുടെ തീരുമാനം കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്നങ്ങൾ പഠിക്കാതെയാണ്.
പതിവിലും നേരത്തെ ആരംഭിച്ച കനാൽ ശുചീകരണത്തെ തുടർന്ന് മാലിന്യം റോഡരികിലോ കനാൽ തിണ്ടിലോ ഉപേക്ഷിച്ചത് നാട്ടുകാർക്ക് ശല്യമായി. മാലിന്യം വഴിയോരത്ത് കൂട്ടിയിട്ടത് പലയിടത്തും ഗതാഗതത്തിനും ബുദ്ധിമുട്ടായി. ഇവ കോരിയെടുത്ത് മാറ്റാത്തതിനാൽ കനാലിലേക്ക് തന്നെ തിരികെവീഴുന്ന അവസ്ഥയാണ്.
ശുചീകരണം നേരത്തെയായതിനാൽ കനാലിൽ വീണ്ടും പാഴ്ച്ചെടികൾ വളർന്ന് ജലവിതരണം ക്ളേശകരമാവുകയും ചെയ്യുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ശനിയാഴ്ച മുതൽ കനാലുകളിൽ വെള്ളം തുറന്നുവിടാൻ ഏതാനും ദിവസം മുമ്പ് തുമ്പൂർമുഴി ഇറിഗേഷൻ അഡ്വൈസറി കമ്മിറ്റി യോഗം ചേർന്ന് തീരുമാനമെടുത്തിരുന്നു. ചാലക്കുടി എം.എൽ.എ സനീഷ് കുമാർ ജോസഫ്, അങ്കമാലി എം.എൽ.എ റോജി പി.ജോൺ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് തീരുമാനമെടുത്തത്.
എന്നാൽ, അടിയന്തരമായി കനാൽ വഴി ജലസേചനം ആരംഭിക്കേണ്ടതിന്റെ ആവശ്യമെന്താണെന്ന് നാട്ടുകാർ ചോദിക്കുന്നു. തൃശൂർ, എറണാകുളം ജില്ലകളിൽ 1500 ൽ പരം ഹെക്ടർ കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാനാണ് തുമ്പൂർമുഴി റിവർ ഡൈവർഷൻ സ്കീം പ്രവർത്തിക്കുന്നത്.
എന്നാൽ ഈ മേഖലയിലെ കൃഷിയിടങ്ങളിൽ എവിടെയും ജലക്ഷാമമോ വരൾച്ചയോ റിപ്പോർട്ട് ചെയ്തിട്ടില്ല. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഇപ്പോഴും മഴ തുടരുകയാണ്. അതിനാൽ കൃഷിക്കായാലും കുടിവെള്ളത്തിനായാലും കനാൽ തുറന്നു വിടേണ്ടത് അത്യാവശ്യമല്ല. പെരിങ്ങൽക്കുത്ത് ഡാം നിറഞ്ഞുകവിഞ്ഞ നിലയിലാണ്. വെള്ളം ഏതു നിമിഷവും ചാലക്കുടിപ്പുഴയിലേക്ക് തുറന്നു വിടാം.
കാലവർഷത്തിലെ വെള്ളക്കെട്ട് ഭയന്ന് നെൽകൃഷി വളരെ വൈകിയാണ് ആരംഭിച്ചതു തന്നെ. ഇപ്പോൾ കനാൽ ജലം തുറന്നുവിട്ടാൽ അത് നെൽക്കൃഷിക്ക് ഗുണം ചെയ്യാനിടയില്ല. മാത്രമല്ല, കരുതലില്ലാതെ കനാൽ ജലം തുറന്നുവിട്ടാൽ കുടിവെള്ളത്തിന് വരെ മുട്ടലുണ്ടാകുന്ന ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കടുത്ത ജലക്ഷാമം അനുഭവപ്പെടുമെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.