കൊരട്ടി: കൊരട്ടി ജങ്ഷനിലെ തിരക്കുകൾക്ക് പരിഹാരമായ സർവിസ് റോഡിന്റെ നിർമാണം പുരോഗമിക്കുന്നു. ഇതിനായി വൈദ്യുതിക്കാലുകൾ മാറ്റി സ്ഥാപിച്ചിട്ടുണ്ട്. റോഡിന്റെ വശങ്ങൾ കെട്ടി ഉയർത്തി മണ്ണിട്ട് നിറച്ച് മെറ്റലുകൾ നിരത്തിക്കഴിഞ്ഞു. സർവിസ് റോഡിനെ ദേശീയപാതയിൽനിന്ന് വേർതിരിക്കുന്ന മീഡിയനുകളുടെ നിർമാണവും പൂർത്തിയാക്കി. ഈ ഭാഗത്ത് കാനകളുടെ നിർമാണവും നടത്തിയിട്ടുണ്ട്. ടാറിങ് കൂടി നടന്നാൽ ഒരു ഘട്ടം പൂർത്തിയാകും. ദേശീയപാതയുടെ വടക്കുപടിഞ്ഞാറ് ഭാഗത്ത് കൊരട്ടി സിഗ്നൽ ജങ്ഷൻ മുതൽ 220 മീറ്റർ മാത്രമാണ് സർവിസ് റോഡ് ഉടൻ പൂർത്തീകരിക്കുക. ഒമ്പത് മീറ്ററിലധികം സ്ഥലമുണ്ടെങ്കിലും 5.5 മീറ്റർ വീതിയിലാണ് റോഡ് നിർമിക്കുന്നത്.
ദേശീയപാതയുടെ തിരക്കേറിയ ഭാഗമായതിനാൽ ഇവിടെ വാഹനങ്ങൾ നിർത്തിയിടാൻ പോലും ബുദ്ധിമുട്ടായിരുന്നു. സർവിസ് റോഡില്ലാത്തതിനാൽ വാഹനങ്ങൾ തിരിച്ചുവരാൻ മുരിങ്ങൂർ സിഗ്നലിൽ പോയി കിലോമീറ്ററുകൾ ചുറ്റി വളയണമെന്നത് വലിയ ദുരിതമാണ്. ചാലക്കുടി ഭാഗത്തേക്ക് പോകുന്ന ബസ്സ്റ്റോപ്പും കാരണം കൂടുതൽ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഏകദേശം 5.2 കിലോ മീറ്റർ ദൂരമാണ് കൊരട്ടിയിൽ സർവിസ് റോഡ് നിർമിക്കാതെ കിടക്കുന്നത്. ആവശ്യമായ സ്ഥലമുണ്ടെങ്കിലും കരാറിൽ ഉൾപ്പെട്ടതായിട്ടും നിർമാണം നടത്താത്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.
മേഖലയിലെ വ്യാപാരികളുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ ദേശീയപാത അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പല കാരണങ്ങളാൽ നിർമാണം നീണ്ടുപോവുകയായിരുന്നു. സർവിസ് റോഡ് യാഥാർഥ്യമാകുന്നതോടെ ഇവിടത്തെ ഗതാഗത പ്രശ്നങ്ങൾക്ക് ചെറിയ പരിഹാരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.