ചാലക്കുടി: മേച്ചിറ പാലം നിർമാണം പൂർത്തിയാകാൻ ഒരുമാസം കൂടി എടുത്തേക്കും. പാലത്തിന്റെ പ്രധാന കോൺക്രീറ്റിങ്ങിന് തട്ട് ഒരുക്കുന്ന തിരക്കിലാണ് ജോലിക്കാർ. തൂണുകൾ ഉറപ്പിച്ചുകഴിഞ്ഞു. അടുത്തദിവസങ്ങളിലായി കമ്പികൾ കെട്ടുന്ന ജോലികൾ ആരംഭിക്കും.
ഡിസംബർ അവസാനത്തോടെ നിർമാണം പൂർത്തിയാവുമെന്നായിരുന്നു പ്രതീക്ഷ. പാലം നിർമാണത്തെ തുടർന്ന് ഒരുവർഷത്തോളമായി വെള്ളിക്കുളങ്ങര-ചാലക്കുടി പി.ഡബ്ല്യു.ഡി റോഡിൽ ഗതാഗതം മുടങ്ങിക്കിടക്കുകയാണ്. കോടശ്ശേരി പഞ്ചായത്തിലേക്കുള്ള പ്രധാന പാതയായതിനാൽ നിർമാണം നീളുന്നത് ജനങ്ങൾക്ക് ദുരിതമായിട്ടുണ്ട്.
ജില്ലയിലെ എട്ടോളം പഞ്ചായത്തുകളിലേക്ക് വെള്ളം കൊണ്ടുപോകുന്ന വലതുകര മെയിൻ കനാലിനു മുകളിലെ പാലമാണ് പുനർനിർമിക്കുന്നത്. കർഷകരുടെ ആവശ്യത്തെ തുടർന്ന് കഴിഞ്ഞ ആഴ്ച മുതൽ കനാലിലൂടെ വെള്ളം തുറന്നുവിട്ടുതുടങ്ങിയിരുന്നു. ഇതോടെ കനാലിലൂടെ ഒഴുകിയെത്തുന്ന വാഴത്തടകളും മാലിന്യങ്ങളും മെയിൻ വാർക്കയുടെ തൂണിൽ വന്നിടിക്കാൻ തുടങ്ങിയത് പണികൾക്ക് ചെറിയ തടസ്സം സൃഷ്ടിച്ചിട്ടുണ്ട്. കനാലിൽ മാലിന്യം വലിച്ചെറിയുന്നത് അവസാനിപ്പിക്കണമെന്ന് നിർമാണ ജീവനക്കാർ പറയുന്നു.
ബ്രിട്ടീഷ് കാലഘട്ടത്തിൽ നിർമിച്ച മേച്ചിറ പാലം കാലഹരണപ്പെട്ടതോടെയാണ് പൊളിച്ചുനീക്കിയത്. പാലം പൊളിച്ചശേഷം നിർമാണം ആരംഭിക്കാത്തതിനെ തുടർന്ന് പ്രദേശവാസികൾ പ്രതിഷേധ സമരങ്ങൾ നടത്തിയിരുന്നു. എസ്റ്റിമേറ്റ് തുക വർധിപ്പിച്ചതിനെ തുടർന്നാണ് കരാറുകാരൻ വീണ്ടും പണികൾ തുടങ്ങിയത്. പണി നടക്കുന്നതിനിടെ കനാലിന്റെ വലിയൊരു ഭാഗം ഇടിഞ്ഞുവീണത് നഷ്ടത്തിനിടയാക്കിയിരുന്നു.
പാലം നിർമാണം എത്രയും വേഗം പൂർത്തിയാക്കി യാത്രാദുരിതം അവസാനിപ്പിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.