ചാലക്കുടി: ദേശീയപാതയിൽ കണ്ടെയ്നർ ലോറികൾ കൂട്ടിയിടിച്ച് കാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവർക്ക് ഗുരുതര പരിക്ക്. കൊല്ലം സ്വദേശിയായ ബേബിക്കാണ് (41) പരിക്കേറ്റത്. ഇദ്ദേഹത്തെ കറുകുറ്റിയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു.
ശനിയാഴ്ച പുലർച്ച നാലരയോടെ ചാലക്കുടിക്ക് സമീപം മുരിങ്ങൂർ സിഗ്നൽ ജങ്ഷനിലാണ് അപകടം. എറണാകുളം ഭാഗത്തുനിന്നും തമിഴ്നാട് തിരുപ്പൂരിലേക്ക് കോട്ടണുമായി പോയ കണ്ടെയ്നർ ലോറി തൊട്ടുമുമ്പിൽ സഞ്ചരിച്ചിരുന്ന കണ്ടെയ്നർ ലോറിയിൽ ഇടിക്കുകയായിരുന്നു.
സിഗ്നലിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ലോറി. അപകടത്തെ തുടർന്ന് വാഹനത്തിന്റെ കാബിൻ ചെയ്സിൽനിന്ന് വേർപെട്ട് അകത്തേക്ക് ഞെരിഞ്ഞമർന്ന് ഡ്രൈവർ കുടുങ്ങിപ്പോയി. ഡ്രൈവറെ പുറത്തുനിന്ന് കാണാൻ കഴിയാത്തവിധം കാബിൻ ഞെരിഞ്ഞമർന്നിരുന്നു. ചാലക്കുടി അഗ്നിരക്ഷാസേനയെത്തി ഏറെനേരത്തെ രക്ഷാപ്രവർത്തനത്തിലൂടെയാണ് ബേബിയെ പുറത്തെടുത്തത്. ഡ്രൈവറുടെ തലക്കും മുഖത്തും പരിക്കേറ്റ് രക്തം വാർന്നൊലിക്കുന്നുണ്ടായിരുന്നു. നെഞ്ചുവരെയുള്ള ഭാഗം പൂർണമായും ഞെരിഞ്ഞമർന്ന് ശരീരം പുറത്തുകാണാൻ കഴിയുന്നുണ്ടായിരുന്നില്ല. ഇരുകാലുകളും ഒടിഞ്ഞുതൂങ്ങി ഗുരുതര പരിക്കേറ്റ ഡ്രൈവറെ അരമണിക്കൂർ നീണ്ട പരിശ്രമത്തിലാണ് പുറത്തെടുത്തത്.
ചാലക്കുടി അഗ്നി രക്ഷാനിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ സി. രമേശ് കുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഡ്രൈവർ എ.വി. രജു, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ വി.ആർ. രജീഷ്, എസ്. അതുൽ, രോഹിത്, ഉത്തമൻ, ഹോം ഗാർഡുമാരായ കെ.പി. മോഹനൻ, പി.ടി. ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.