ചാലക്കുടി: ചാലക്കുടി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപിക ജാൻസിയുടെ അപകടമരണം വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഞെട്ടലായി. ഔദ്യോഗിക ആവശ്യത്തിനായി രാവിലെ സ്കൂളിൽനിന്ന് പുറപ്പെട്ട ടീച്ചറുടെ മരണവാർത്തയാണ് ഇവർക്ക് കേൾക്കാനായത്. രാവിലെ സ്കൂളിൽ എത്തിയ ടീച്ചർ 11 ഓടെയാണ് തൃശൂരിലെ ഡി.ഡി ഓഫിസിലേക്ക് പുറപ്പെട്ടത്.
കൊടകര നെല്ലായിൽ നിയന്ത്രണം വിട്ട സ്കൂട്ടര്‍ റോഡരികിലെ വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പേ മരിച്ചു. സ്കൂട്ടറിൽ തൃശൂരിൽ പോകാനൊരുങ്ങിയ ജാൻസി ടീച്ചറോട് ബസിൽ പോകാൻ സഹപ്രവർത്തകർ ഉപദേശിച്ചിരുന്നു.
ഇതിനിടയിൽ ഉച്ചക്ക് 12ന് സഹപ്രവർത്തകയെ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ ക്ലാസിലായിരുന്നതിനാൽ ഫോണെടുക്കാൻ കഴിഞ്ഞില്ല. അവസാന ആ വിളി എന്തിനെന്നറിയാത്ത ആധിയിലാണ് സഹപ്രവർത്തക. സ്കൂളിൽ വെള്ളിയാഴ്ച എസ്.എസ്.എൽ.സി പരീക്ഷയുണ്ട്. ടീച്ചറുടെ വിയോഗം വിദ്യാർഥികളെ തളർത്തിയിരിക്കുകയാണ്.
ഇടുക്കിയിലെ ഗവ. സ്കൂളിലെ പ്രധാനാധ്യാപികയായിരുന്ന ഇവർ രണ്ട് വർഷം മുമ്പാണ് തൃശൂർ ജില്ലയിലേക്ക് മാറിയത്. തുടർന്ന് ചായ്പൻകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രധാനാധ്യാപികയായി പ്രവർത്തിച്ചു. ഈ അധ്യയന വർഷം മുതലാണ് ചാലക്കുടി ഗവ. വി.എച്ച്.എസ് സ്കൂളിൽ ചുമതലയേറ്റത്.
മക്കളായ ഫെലിക്സും പയസും കാനഡയിൽ വിദ്യാർഥികളാണ്. ഇളയ മകൻ പയസ് കുറച്ചു ദിവസം മുമ്പാണ് നാട്ടിലെത്തിയത്. സ്കൂളിലെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മാനസിക സംഘർഷത്തിലായിരുന്നു ജാൻസി ടീച്ചർ. സ്കൂളിലെ കളിസ്ഥലം മറ്റൊരിടത്ത് മാറ്റിസ്ഥാപിക്കുന്നതിൽ ടീച്ചറും പി.ടി.എയും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ നിർമാണത്തിന് ടീച്ചർ ഒപ്പിട്ട് അനുമതി നൽകാത്തതിനാൽ കനത്ത സമ്മർദം ഉണ്ടായിരുന്നു.
ഇതിനെ തുടർന്ന് സ്കൂൾ ജീവനക്കാർക്ക് ഉണ്ടാവുന്ന സമ്മർദത്തിനെതിരെ പി.ടി.എ ഭാരവാഹികൾ ചാലക്കുടി പ്രസ് ക്ലബിൽ വാർത്തസമ്മേളനം നടത്തിയിരുന്നു. അതിന്റെ വാർത്ത പത്രങ്ങളിൽ വന്ന ദിവസം തന്നെയാണ് ടീച്ചറുടെ മരണമെന്നത് വേദനയായി. വെള്ളിയാഴ്ച വൈകുന്നേരം നാലിന് സ്കൂളിൽ പൊതുദർശനത്തിന് വെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.