ചാലക്കുടി: കാടുകുറ്റി പഞ്ചായത്തിലെ അനിശ്ചിതമായി നീളുന്ന ചാത്തൻചാൽ നവീകരണ പദ്ധതിയുടെ പ്രവൃത്തികൾ എന്ന് ആരംഭിക്കുമെന്ന കർഷകരുടെ ചോദ്യത്തിന് പഞ്ചായത്ത് അധികാരികൾക്ക് ഉത്തരമില്ല. കാടുകുറ്റി പഞ്ചായത്തിലെ കർഷകർക്ക് ഏറെ പ്രയോജനകരമായ പദ്ധതിയുടെ നിർമാണ പ്രവർത്തനം അധികാരികളുടെ അനാസ്ഥമൂലം മുടങ്ങിക്കിടക്കുകയാണ്.
കരാറുകാർ പലവട്ടം ഇട്ടെറിഞ്ഞുപോകുന്നതിനാൽ ടെൻഡർ നടപടികൾ പലവട്ടം നടന്നു. എന്നിട്ടും എവിടെയുമെത്തിയിട്ടില്ല. അന്വേഷിക്കുന്നവരോട് പ്രവൃത്തി പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അടുത്ത ആഴ്ച മുതൽ ആരംഭിക്കുമെന്നും പറഞ്ഞ് തൽക്കാലം തടിതപ്പുന്ന നയം പഞ്ചായത്ത് അധികൃതർ തുടരുകയാണ്. എന്നാൽ, ചാത്തൻചാലിന്റെ പണികൾ അനിശ്ചിതമായി നീളുന്നത് പ്രദേശത്തെ കർഷകർ വേദനയോടെയാണ് കാണുന്നത്.
ജില്ലയിലെത്തന്നെ വലിയ കാർഷിക പദ്ധതിയായ ഇത് കെ.എൽ.ഡി.സിയുടെ നേതൃത്വത്തിലാണ് നടത്തുന്നത്. ഇതിനായി 627 ലക്ഷം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. കാടുകുറ്റിയിലെ ചാത്തൻചാലും അതിനുസമീപത്തെ പെരുന്തോടും കെട്ടി സംരക്ഷിക്കാനുള്ള പദ്ധതി പ്രദേശത്തെ നിരവധി കർഷകർക്കാണ് പ്രയോജനകരമാവുക. ചാത്തൻചാൽ പാടശേഖരമടക്കം ഏക്കർ കണക്കിന് നെൽകൃഷിക്ക് ഉപകാരപ്രദമാകും.
വർഷക്കാലത്ത് പാടശേഖരത്തിലേക്ക് വെള്ളം കയറാതിരിക്കാനും വേനലിൽ കൃഷിക്ക് ആവശ്യമായ വെള്ളം ലഭിക്കാനും ഉപകരിക്കും. അന്നനാട് ഭാഗത്തെ തോടിന്റെ വിശാലമായ ഭാഗത്തെ സമൃദ്ധമായ മത്സ്യസമ്പത്ത് പഞ്ചായത്തിന് വരുമാനം നൽകുന്നുണ്ട്.
കഴിഞ്ഞതവണ പ്രവൃത്തിയുടെ ടെൻഡർ പൂർത്തിയായെങ്കിലും പ്രധാന കരാറുകാരനും ഉപകരാറുകാരനും തമ്മിലുള്ള തർക്കംമൂലം പണികൾ മുടങ്ങി. പദ്ധതി ആരംഭിച്ചശേഷം പ്രഹസനമെന്ന പോലെ അന്ന് ഒരുമാസത്തോളമേ പണികൾ നടന്നിട്ടുള്ളൂ. പദ്ധതിയുടെ ഭാഗമായി ചാത്തൻചാലിലെ കുറച്ചുഭാഗം മണ്ണ് നീക്കംചെയ്ത് പേരിന് ആഴം കൂട്ടി.
ഒരുവശത്തെ പഴയ ഭിത്തി പൊളിക്കുകയും അതിന്റെ കല്ലെടുത്ത് മറുവശത്ത് ഭിത്തി നിർമിക്കുകയും ചെയ്തിരുന്നു. പെരുന്തോട്ടിലേക്ക് പോകുന്ന ഭാഗത്ത് കാലങ്ങളായി അടിഞ്ഞുകൂടിയ മണ്ണും ചണ്ടിയും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നീക്കംചെയ്താണ് പണികൾക്ക് പ്രാരംഭം കുറിച്ചിരുന്നത്.
പണികൾ ഏറെക്കാലമായി നിലച്ചിട്ടും കാടുകുറ്റി പഞ്ചായത്ത് അധികൃതർ പറയുന്നത് ചാത്തൻചാലിന്റെ പ്രവൃത്തികൾ നടക്കുന്നുണ്ടെന്നാണ്. പണികൾക്കായി കൊണ്ടുവന്ന കരിങ്കല്ലും സാമഗ്രികളും നീക്കംചെയ്തിട്ടില്ലെന്നും അവിടെത്തന്നെയുണ്ടെന്നുമാണ് അവരുടെ ന്യായവാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.