ചാലക്കുടി: പഞ്ചായത്ത് ശേഖരിച്ച മാലിന്യം നീക്കാത്തതിൽ പ്രതിഷേധം. വീണ്ടും മാലിന്യവുമായെത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. മാലിന്യം നീക്കാമെന്ന് പഞ്ചായത്ത് ഉറപ്പുനൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. മേലൂർ പഞ്ചായത്ത് ഓഫിസിന് പിന്നിൽ ഒരുമ അസോസിയേഷന്റെ വീടുകളുള്ള സ്ഥലത്താണ് നാളുകളായി ഹരിത കർമസേന മാലിന്യം സംഭരിക്കുന്നത്. ഇത് സംസ്കരിക്കുകയോ മാറ്റുകയോ ചെയ്യാതെ അനിയന്ത്രിതമായി വീണ്ടും തള്ളിയതാണ് ജനരോഷത്തിന് കാരണമായത്.
പഞ്ചായത്തിലെ വീടുകളിൽനിന്നും കടകളിൽനിന്നും ശേഖരിച്ച് എത്തിക്കുന്ന മാലിന്യം ആദ്യം അവിടെ ഒരു ഷെഡിലാണ് സൂക്ഷിച്ചിരുന്നത്. ഷെഡ് നിറഞ്ഞ് മാലിന്യം പറമ്പിലാകെ വ്യാപിച്ചത് പരിസരവാസികൾക്ക് ശല്യമായി. ഒരുമ അസോസിയേഷൻ പ്രവർത്തകർ ഈമാസം എട്ടിന് പഞ്ചായത്തിന് പരാതി നൽകിയിരുന്നു. മാലിന്യം ഉടൻ നീക്കുമെന്ന് പറഞ്ഞതല്ലാതെ നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.
തിങ്കളാഴ്ച രാവിലെയാണ് അസാസിയേഷൻ പ്രസിഡന്റ് ജെയിംസ് ചെറ്റാലിന്റെ നേതൃത്വത്തിൽ വണ്ടി തടഞ്ഞത്. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ സാന്നിധ്യത്തിൽ ചർച്ച നടന്നു. 15 ദിവസത്തിനകം മാലിന്യം നീക്കാമെന്നാണ് പുതിയ ഉറപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.