ചാലക്കുടി: ജി.പി.എസ് ഘടിപ്പിച്ച വാഹനങ്ങള്‍ ആവശ്യത്തിന് കിട്ടാത്തതിനാൽ ചാലക്കുടി താലൂക്ക് പരിധിയിലെ റേഷന്‍ വിതരണം അവതാളത്തിലായതായി പരാതി. ജി.പി.എസ് ഉള്ള വാഹനങ്ങളില്‍ റേഷന്‍ സാമഗ്രികള്‍ കൊണ്ടുപോകണമെന്ന നിയമം ഒക്ടോബര്‍ ഒന്നിനാണ് നിലവില്‍വന്നത്. ഇത്തരത്തില്‍ ആകെയുള്ള മൂന്നു വാഹനങ്ങള്‍ താലൂക്കിൽ ഓടിയിട്ടും 50ഓളം റേഷന്‍ കടകളില്‍ മാത്രമാണ് ഇതുവരെ സാധനങ്ങള്‍ എത്തിക്കാനായത്.
ഇനിയും 145 കടകളില്‍ സാമഗ്രികള്‍ എത്തേണ്ടതുണ്ട്. ഈ നില തുടര്‍ന്നാല്‍ ഒക്ടോബര്‍ അവസാന വാരത്തിലും വിതരണം പൂര്‍ത്തിയാക്കാനാവില്ലെന്നാണ് ആശങ്ക. 14 ആദിവാസി ഊരുകള്‍ ഉള്‍പ്പെടുന്ന മലക്കപ്പാറ വരെ കൊമ്പിടിയിലെ എന്‍.എഫ്.എസ്.ഒ ഗോഡൗണില്‍നിന്നാണ് റേഷന്‍ സാധനങ്ങള്‍ കൊണ്ടുപോകുന്നത്.
ജി.പി.എസ് സംവിധാനമുള്ള കൂടുതല്‍ വാഹനങ്ങള്‍ ഏര്‍പ്പെടുത്തി പ്രതിസന്ധി പരിഹരിക്കണമെന്ന് ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.ഡി. പോള്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ.കെ. പങ്കജാക്ഷന്, ബെന്സന്, ജിന്നി, സുന്ദരന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.