ചാലക്കുടി: തുലാവർഷം ശക്തമാകുന്നതിന്റെ സൂചനയായി അതിരപ്പിള്ളിയിൽ കനത്തമഴ. കഴിഞ്ഞ രണ്ടുദിവസമായി വൈകീട്ട് ശക്തമായ മഴയും ഇടിവെട്ടും ഉണ്ടായി. കഴിഞ്ഞദിവസം അതിരപ്പിള്ളിയിൽ 122 എം.എം മഴയും വെറ്റിലപ്പാറയിൽ 157 എം.എം മഴയും രേഖപ്പെടുത്തി. എന്നാൽ ചാലക്കുടിയിലും പരിയാരത്തും കുറഞ്ഞ മഴയേ പെയ്തിട്ടുള്ളു.
ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് വളരെ താഴ്ന്ന നിലയിൽ തുടരുകയാണ്. കാലവർഷത്തിൽ പെയ്ത മഴയുടെ കുറവ് തുലാവർഷം പരിഹരിക്കുമെന്നാണ് പ്രതീക്ഷ. അല്ലെങ്കിൽ ഡിസംബറോടെ വരൾച്ച ശക്തമാകും. കാലവർഷത്തെ വെള്ളക്കെട്ടിനെ ഭയന്ന് പാടശേഖരങ്ങളിൽ നെൽക്കൃഷി വൈകിയിരുന്നു.
അനുകൂലമായ സാഹചര്യത്തിൽ വിവിധ പാടശേഖരങ്ങളിൽ കൃഷിക്കായി ഒരുക്കം ആരംഭിച്ചിട്ടുണ്ട്. കൊരട്ടിച്ചാൽ, ചാത്തൻച്ചാൽ, കാളാഞ്ചിറ തുടങ്ങിയ ഭൂരിഭാഗം വയലുകളിലും ഞാറ് നടാൻ പാടശേഖരങ്ങൾ ഒരുക്കികഴിഞ്ഞു. കൃഷിക്ക് ഉപകരിക്കാൻ വേണ്ടി വിവിധ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ പ്രവർത്തിച്ചുവരുന്നുണ്ട്. സെപ്റ്റംബറിൽ ഭേദപ്പെട്ട മഴ ലഭിച്ചിരുന്നു. മുൻവർഷങ്ങളിൽ ഈ മാസങ്ങളിൽ പലവട്ടം തുറക്കാറുള്ളതാണ് പെരിങ്ങൽക്കുത്ത് ഡാം. എന്നാൽ മഴ കുറഞ്ഞതോടെ ഡാമുകൾ കാര്യമായി തുറന്നില്ല.
കെ.എസ്.ഇ.ബി.എല്ലിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ ഡാമുകളിൽ ജൂൺ, ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ എന്നിങ്ങനെ നാല് മാസങ്ങളിൽ ശേഖരിക്കപ്പെട്ട വെള്ളം പ്രതീക്ഷിച്ചതിനേക്കാൾ 49.9 ശതമാനത്തോളം കുറവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.