ചാലക്കുടി: ജന്മനാടായ ചാലക്കുടി നിറവാർന്ന പാട്ടോർമകളിൽ കലാഭവൻ മണിയെ അനുസ്മരിച്ചു. മണിയുടെ വേർപാടിന് ആറു വർഷം തികയുന്ന ചാലക്കുടിയിൽ നഗരസഭ അടക്കം വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് വിപുലമായ അനുസ്മരണ പരിപാടികൾ നടന്നത്. ചാലക്കുടി നഗരസഭയും സംസ്ഥാന യുവജനക്ഷേമ ബോർഡും കലാഭവൻ മണി സ്മാരക ട്രസ്റ്റും ചേർന്ന് ഞായറാഴ്ച വൈകീട്ട് ചാലക്കുടി കലാഭവൻ മണി പാർക്കിൽ അനുസ്മരണ സമ്മേളനവും പുരസ്കാര സമർപ്പണവും കലാസന്ധ്യയും നടത്തി. മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സനീഷ് കുമാർ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. റവന്യുമന്ത്രി കെ. രാജൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ, യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ്, നഗരസഭ അംഗം ബിജു എസ്. ചിറയത്ത് തുടങ്ങിയവർ സംസാരിച്ചു.
സമഗ്ര സംഭാവനക്കുള്ള കലാഭവൻ മണി പുരസ്കാരം ശശിധരൻ മട്ടന്നൂരും യുവപ്രതിഭക്കുള്ള പുരസ്കാരം ഡോ. എ.എസ്. അഖിലയും ഏറ്റുവാങ്ങി. പ്രമുഖ ചലച്ചിത്ര പിന്നണി ഗായകർ പങ്കെടുക്കുന്ന ഗാനസന്ധ്യ നടന്നു.
ചാലക്കുടി എസ്.എൻ ഹാളിൽ രാവിലെ മുതൽ സംസ്ഥാന തലത്തിലുള്ള മണിനാദം നാടൻപാട്ട് മത്സരവും നടന്നു. നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര സംവിധായകൻ പി. സുന്ദർദാസ്, യു.എസ്. അജയകുമാർ, നഗരസഭ അംഗങ്ങളായ വി.കെ. ജോജി, ദീപു തുടങ്ങിയവർ സംസാരിച്ചു. 14 ജില്ല ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. ഒന്നാം സ്ഥാനം ഒരു ലക്ഷം രൂപ ഓർമ യുവ ക്ലബ് വണ്ണാത്തികാവ് കാസർകോട്, രണ്ടാം സമ്മാനം 75,000 രൂപ യുവ ക്ലബ് പാലക്കാട്, മൂന്നാം സ്ഥാനം 50,000 രൂപ എം.ജി.എം സ്മാരക കലാസമിതി കോഴിക്കോട് എന്നിവർ നേടി.
ഞായറാഴ്ച രാവിലെ കുന്നിശ്ശേരി രാമൻ സ്മാരക കലാഗൃഹത്തിൽ കലാഭവൻ മണി കുടുംബട്രസ്റ്റ്, പുരോഗമന കലാസാഹിത്യ സംഘം, പട്ടികജാതി ക്ഷേമസമിതി, ചാലക്കുടി താലൂക്ക് ലൈബ്രറി കൗൺസിൽ, ചാലക്കുടിയിലെ കലാകാരന്മാരുടെ സംഘടനയായ ഫേയ്സ് എന്നിവരുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ അനുസ്മരണ ചടങ്ങുകൾ നടത്തി.
പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. സനീഷ് കുമാർ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ചാലക്കുടി മുനിസിപ്പൽ ചെയർമാൻ വി.ഒ. പൈലപ്പൻ, കുളപ്പുള്ളി ലീല, സിനിമാതാരം സാജു നവോദയ, ശ്രീരേഖ സന്ദീപ്, പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. കലാഭവൻ മണി കുടുംബട്രസ്റ്റ് നൽകി വരുന്ന ഈ വർഷത്തെ കലാഭവൻ മണി പുരസ്കാരം പ്രശസ്ത നാടൻപാട്ട് കലാകാരൻ മണികണ്ഠൻ വയനാട് ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.