മാള: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് സർവിസ് വർധിപ്പിക്കുമെന്ന ഗതാഗത മന്ത്രിയുടെ വാക്ക് പാഴാവുന്നു. സർവിസ് വെട്ടിക്കുറച്ച ശേഷമുണ്ടായ യാത്രദുരിതം തീർക്കാൻ മന്ത്രിതലത്തിൽ ബന്ധപ്പെട്ട് പരിഹാരം കാണുമെന്ന് വി.ആർ. സുനിൽകുമാർ എം.എൽ.എ പറഞ്ഞിരുന്നു. തുടർന്ന് മന്ത്രിയെ സമീപിച്ച എം.എൽ.എയോട് ഡിപ്പോയിൽ നിന്ന് കുറച്ച ബസുകളെല്ലാം തിരിച്ചുകൊണ്ടുവരുമെന്നാണ് മന്ത്രി പറഞ്ഞത്. നിയമസഭരേഖയിൽ പെടുത്തിയ വാഗ്ദാനം രണ്ടു മാസം പിന്നിട്ടിട്ടും നടപ്പായില്ല.
സർവിസ് നടത്തിക്കൊണ്ടിരിക്കുന്ന തുരുമ്പെടുക്കാത്ത 20 ബസുകളാണ് ഡിപ്പോയിൽ നിന്ന് പൊളിക്കാനയച്ചത്. ഇവ കണ്ടം ചെയ്യാനാണ് കെ.എസ്.ആർ.ടി.സിയുടെ എടപ്പാളിലെ ഗാരേജിലേക്ക് കൊണ്ടുപോയതെന്ന് ജീവനക്കാർ പറയുന്നു. നേരത്തേ മാള ഡിപ്പോയിൽ 55 സർവിസുകളാണുണ്ടായിരുന്നത്. ഇത് കുറഞ്ഞ് 22ൽ എത്തി. ആറ് ഫാസ്റ്റ് പാസഞ്ചറുകളും ശേഷിക്കുന്നവ ഓർഡിനറി ബസുകളുമാണ്. തിരുവനന്തപുരം, കോഴിക്കോട് ദീർഘദൂര സർവിസുകൾ നിലവിലുണ്ട്. തൃശൂർ, ആലുവ, കൊടുങ്ങല്ലൂർ സർവിസുകളാണ് കുറച്ചത്. 30 മിനിറ്റ് വ്യത്യാസത്തിൽ ഈ റൂട്ടിൽ ഓടിയിരുന്ന ബസുകൾ മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഇപ്പോൾ സർവിസ് നടത്തുന്നത്. മാളയിൽനിന്ന് അടുത്ത പ്രദേശങ്ങളായ ഇരിങ്ങാലക്കുട, ചാലക്കുടി, അങ്കമാലി എന്നിങ്ങനെ നല്ല കലക്ഷൻ ഉള്ള റൂട്ടുകളിൽ സ്വകാര്യ ബസുകൾ മാത്രമായി. ആലുവ -തൃശൂർ എന്നിവിടങ്ങളിലേക്ക് 30, 36 കി.മീ. ദൂരം മാത്രമാണുള്ളത്. ഈ സർവിസുകൾ കുറ്റമറ്റ നിലയിൽ നടത്തിവന്നിരുന്നതും കെ.എസ്.ആർ.ടി.സിയാണ്.
മാള ഡിപ്പോയിൽനിന്ന് നാമമാത്രമായ സർവിസുകൾ നടത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഡിപ്പോ തരം താഴ്ത്തുന്നതിന്റെ ഭാഗമാണ് സർവിസ് വെട്ടിക്കുറച്ചതെന്ന് ജീവനക്കാർ പറയുന്നു. അതേസമയം, ആശങ്ക അസ്ഥാനത്താണെന്ന വി.ആർ. സുനിൽകുമാർ എം.എൽ.എയുടെ പ്രഖ്യാപനവും ചോദ്യംചെയ്യപ്പെടുന്നുണ്ട്. സർവിസ് നടത്തിയിരുന്ന തുരുമ്പെടുക്കാത്ത ബസുകൾ പൊളിക്കാനയച്ചതിന് അധികൃതർ മറുപടി പറയണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.