ചാലക്കുടി: ജില്ല ടൗൺ പ്ലാനർ (ഡി.ടി.പി) സർക്കാറിലേക്ക് സമർപ്പിക്കാൻ അനുമതി നൽകിയെങ്കിലും ചാലക്കുടി നഗരസഭയുടെ അന്തിമ മാസ്റ്റർ പ്ലാനിന് കൗൺസിൽ യോഗത്തിൽ അംഗീകാരമായില്ല. മാർക്കറ്റിന് സമീപത്തെ പള്ളിപ്പാടം കൃഷിനിലമായി നിലനിർത്തണമെന്ന കൗൺസിൽ ഭേദഗതി ഡി.ടി.പി തയാറാക്കിയ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്താത്ത സാഹചര്യത്തിലാണ് അംഗീകരിക്കപ്പെടാതെ പോയത്.
ഇത് സംബന്ധിച്ച് ഡി.ടി.പിയുമായി വിശദമായി ചർച്ച ചെയ്യാനും ഭേദഗതി ഉൾപ്പെടുത്താൻ ആവശ്യപ്പെടാനും കൗൺസിൽ തീരുമാനിച്ചു. മാർക്കറ്റിനോട് ചേർന്ന പള്ളിപ്പാടം കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് പ്രസിദ്ധീകരിച്ച കരട് മാസ്റ്റർ പ്ലാനിൽ പാടം എന്നത് മിക്സഡ് സോണാക്കി മാറ്റിയിരുന്നു. ഇത് മാറ്റി പഴയ നിലയിലാക്കാൻ കൗൺസിൽ തീരുമാനിച്ച് ഡി.ടി.പിയെ അറിയിച്ചിരുന്നു. എന്നാൽ, ഭേദഗതി ചെയ്യാൻ സാധിക്കില്ല എന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചത്.
ഇത് ഭേദഗതി വരുത്താൻ പരമാവധി ശ്രമിക്കുമെന്നും മറ്റെല്ലാ കാര്യങ്ങളിലും ഭേദഗതി വരുത്തിയിട്ടുണ്ടെന്നും ചെയർമാൻ കൗൺസിലിനെ അറിയിച്ചു. 10 ദിവസത്തിനകം ഇത് സംബന്ധിച്ച് ഡി.ടി.പിയുമായി ചർച്ച നടത്തും. അതിനുശേഷം പ്രത്യേക കൗൺസിൽ യോഗം ചേർന്ന് അന്തിമ മാസ്റ്റർ പ്ലാനിന് അംഗീകാരം നൽകും. യോഗത്തിൽ ചെയർമാൻ എബി ജോർജ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.