ചാലക്കുടി: മഴ കുറഞ്ഞതിനാൽ ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് സാധാരണ നിലയിൽ തുടരുന്നു. പെരിങ്ങൽക്കുത്ത് തുറന്നെങ്കിലും ചാലക്കുടിപ്പുഴയിൽ ജലനിരപ്പിൽ കാര്യമായ ഉയർച്ചയില്ലാത്തതിനാൽ ആശങ്കപ്പെടേണ്ട കാര്യമില്ല. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് പെരിങ്ങൽക്കുത്തിലെ അഞ്ച് ഷട്ടർ വരെ തുറന്നിരുന്നു. തിങ്കളാഴ്ച മഴ ശക്തമായതിനാൽ പെരിങ്ങൽക്കുത്ത് അതിവേഗം നിറയുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചയോടെ റെഡ് അലർട്ടിലെത്തി.
രാവിലെ 11ന് ശേഷം ആദ്യത്തെ രണ്ട് ഷട്ടറുകൾ തുറന്നു. പിന്നീട് മൂന്ന് ഷട്ടറുകൾ കൂടി ഉയർത്തി. പെരിങ്ങൽക്കുത്ത് തുറന്നതിന്റെ പ്രതിഫലനമായി ചൊവ്വാഴ്ച രാത്രിയിൽ പരമാവധി 2.65 മീറ്റർ വരെയാണ് ഉയർന്നത്. എന്നാൽ ബുധനാഴ്ച രാവിലെ ഒമ്പതു മണിയോടെ 2.43 മീറ്ററിലേക്ക് ജലനിരപ്പ് താഴുകയായിരുന്നു. വൈകീട്ട് മൂന്ന് മണിയോടെ 2.16 മീറ്ററിലേക്ക് താഴ്ന്ന ജലനിരപ്പ് വൈകീട്ട് ആറ് മണിയായപ്പോൾ വീണ്ടും താഴ്ന്ന് 1.975 മീറ്ററിലേക്കെത്തി.
പെരിങ്ങൽക്കുത്തിന് മുകളിൽ കേരള ഷോളയാർ ഇതുവരെയും തുറന്നിട്ടില്ല. എന്നാൽ ഷോളയാറിൽ ജലനിരപ്പ് ഉയരുന്നുണ്ട്. 2630.4 അടിയിൽ പരം എത്തിയിട്ടുണ്ട്. 2663 അടിയാണ് ഇതിന്റെ പൂർണമായ സംഭരണ ശേഷി. 2661 അടിയിൽ എത്തിയാൽ മാത്രമേ ഇവിടെ റെഡ് അലർട്ട് ഉണ്ടാകൂ. സംഭരണശേഷിയുടെ 50.11 ശതമാനം വെള്ളമാണ് ഇപ്പോൾ ഷോളയാർ ഡാമിൽ ഉള്ളത്.
കഴിഞ്ഞവർഷത്തേക്കാൾ കുറവ് വെള്ളമാണ്. കഴിഞ്ഞവർഷം ഈ ദിവസം 78.02 ശതമാനം വെള്ളം ഉണ്ടായിരുന്നു. ഷോളയാറിൽ കഴിഞ്ഞദിവസം 37 എം.എം മഴയാണ് പെയ്തത്. പെരിങ്ങൽക്കുത്തിൽ കാര്യമായ മഴയില്ല. അതിരപ്പിള്ളിയിൽ 37 എം.എം, പരിയാരത്ത് 17 എം.എം, ചാലക്കുടിയിൽ 18 എം.എം, മേലൂരിൽ 21 എം.എം, കാടുകുറ്റിൽ 30 എം.എം എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസം പെയ്ത മഴയുടെ തോത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.