ചാലക്കുടി: പോട്ട ആശ്രമം കവലയിലെ സർവിസ് റോഡിലെ അപകടക്കുഴികൾ നികത്താനുള്ള പിങ്ക് പൊലീസിെൻറ ഉദ്യമത്തിന് നാട്ടുകാരുടെ അഭിനന്ദനം. ചാലക്കുടി പിങ്ക് പൊലീസിലെ എസ്.പി.ഒ ഷൈലയാണ് അപകടത്തിനെതിരെ കരുതലുമായി മുന്നോട്ടെത്തിയത്. അപകടങ്ങൾക്ക് കാരണമാവുന്ന റോഡിലെ വലിയ ഗർത്തങ്ങൾ ബക്കറ്റിൽ മണ്ണ് നിറച്ച് ഷൈല മൂടുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ബുധനാഴ്ച രാവിലെ 11ഓടെയാണ് ഷൈല റോഡിലെ കുഴികൾ അടച്ചത്. ദേശീയപാതയിൽ സിഗ്നൽ ജങ്ഷൻ കൂടിയായ പോട്ട ആശ്രമം കവല അപകടങ്ങളുടെ കേന്ദ്രമാണ്. ഇവിടത്തെ തിരക്ക് കുറക്കാൻ ഉപകരിക്കുന്ന സർവിസ് റോഡുകൾ വീതി കുറഞ്ഞും വലിയ ഗർത്തങ്ങൾ നിറഞ്ഞും കിടക്കുകയാണ്. ഗതാഗതത്തിരക്കേറിയ സ്ഥലമായിട്ടും ദേശീയപാത അധികൃതർ ഇവിടം അറ്റകുറ്റപ്പണി ചെയ്ത് ശരിയാക്കാതെ അനാസ്ഥ തുടരുകയാണ്. പലപ്പോഴും ഇതുമൂലം അപകടങ്ങൾ ആവർത്തിക്കുന്നുമുണ്ട്.
പിങ്ക് പൊലീസിെൻറ കാർ ഡ്രൈവർ കൂടിയായ ഷൈല ഇവിടത്തെ ദുരിതം പലവട്ടം നേരിട്ട് അനുഭവിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ ഇവിടെയെത്തിയപ്പോൾ വാഹനം നിർത്തി കുഴികൾ അടക്കാൻ രംഗത്തെത്തുകയായിരുന്നു. ഓട്ടോറിക്ഷക്കാരും ഏതാനും നാട്ടുകാരും ഷൈലയെ സഹായിക്കാനെത്തി. കുറ്റവാളികളെ പിടികൂടാൻ മാത്രമല്ല വഴിയോരത്ത് വായ് പിളർന്ന് കിടക്കുന്ന അപകടങ്ങൾക്കെതിരെ കരുതൽ സ്വീകരിക്കാനും പിങ്ക് പൊലീസ് നാട്ടുകാർക്കൊപ്പമാണ് എന്ന് ഷൈലയുടെ പ്രവർത്തനം കണ്ടവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.