ചാലക്കുടി: സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചിട്ടും അപ്പർ ഷോളയാറിൽനിന്ന് ജലമെത്തിയിട്ടും കേരള ഷോളയാർ ഡാം തുറന്നില്ല. മഴയെ തുടർന്ന് ഓറഞ്ച് അലർട്ടിലേക്ക് നീങ്ങിയ പെരിങ്ങൽകുത്ത് ഡാമിൽനിന്നും കേരള ഷോളയാർ ഡാമിൽനിന്നും ചാലക്കുടിപ്പുഴയിലേക്ക് പ്രതീക്ഷിച്ച ജലം ഇതുവരെ എത്തിയിട്ടില്ല.
സെപ്റ്റംബറിൽ കാലവർഷം സംസ്ഥാനത്ത് കാര്യമായ രീതിയിൽ ലഭിച്ചെങ്കിലും ചാലക്കുടി നദീതടത്തിൽ കുറവായിരുന്നു. മഴ പെയ്തിട്ടും ചാലക്കുടി പുഴയിലെ ജലനിരപ്പ് കൂടുതൽ സമയവും അര മീറ്ററിനും ഒരു മീറ്ററിനും ഇടയിലായിരുന്നു. നാട്ടിൻപുറങ്ങളിൽ പെയ്ത വെള്ളം മാത്രമേ ചാലക്കുടിപ്പുഴയിലെത്തിയിട്ടുള്ളൂ. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസത്തെ മഴവെള്ളം കാര്യമായി പുഴയിലേക്കെത്താതെ ഭൂഗർഭ ജലസംഭരണ ശേഷിയെ സഹായിക്കുകയായിരുന്നുവെന്ന് വേണം കരുതാൻ.
വനമേഖലയിലെ മഴവെള്ളം ഡാമുകളിൽ ശേഖരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിൽ ചാലക്കുടി പുഴയിൽ ഒക്ടോബർ ഒന്നിന് ജലനിരപ്പ് 1.75 മീറ്ററോളം ഉയർന്നിട്ടുണ്ട്.
കെ.എസ്.ഇ.ബി.എല്ലിന്റെ കണക്കുകൾ പ്രകാരം പൊതുവേ മഴ കുറഞ്ഞതിനാൽ സംസ്ഥാനത്തെ ഡാമുകളിൽ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ ലഭിച്ച വെള്ളം പ്രതീക്ഷിച്ചതിനേക്കാൾ 49.9 ശതമാനത്തോളം കുറവായിരുന്നു. ജൂണിൽ 71.3 ശതമാനവും ജൂലൈയിൽ 16.4 ശതമാനവും ആഗസ്റ്റിൽ 83.6 ശതമാനവും സെപ്റ്റംബറിൽ 21.2 ശതമാനവും കുറവായിരുന്നു.
ഇതിന്റെ സ്വാഭാവിക പ്രതികരണമാണ് ഷോളയാർ, പെരിങ്ങൽകുത്ത് ഡാമുകളിലെ ജലശേഖരണത്തിലും പ്രകടമായത്. മുൻകാലങ്ങളിൽ ഈ മാസങ്ങളിൽ പലവട്ടം തുറക്കാറുള്ളതാണ് പെരിങ്ങൽക്കുത്ത് ഡാം. ഷോളയാർ ഡാം എല്ലാ സീസണിലും തുറക്കാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.