ചാലക്കുടി: അഞ്ചുലക്ഷം ലിറ്റർ ഉൽപാദിപ്പിക്കാനായാൽ ഇതര സംസ്ഥാനത്തുനിന്നുള്ള പാൽ വരവ് നിർത്താനാകുമെന്ന് ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കേരളത്തിലെ ആദ്യത്തെ മിൽമ ബേക്കറി ആൻഡ് കൺഫെക്ഷനറി യൂനിറ്റ് ചാലക്കുടിയിലെ മുരിങ്ങൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
13,000 ലിറ്റർ പാലാണ് സംഘങ്ങൾ വഴി മിൽമക്ക് ഇപ്പോൾ ലഭിക്കുന്നത്. 20 ലക്ഷം ലിറ്റർ പാലാണ് വേണ്ടത്. ഈ പോരായ്മ പരിഹരിക്കാൻ വേണ്ടിയാണ് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സനീഷ് കുമാർ ജോസഫ് എം.എൽ.എ ആധ്യക്ഷത വഹിച്ചു. വിൽപന ഇന്സന്റിവ് വിതരണ ഉദ്ഘാടനം ബെന്നി ബഹനാന് എം.പി നിര്‍വഹിച്ചു.
എറണാകുളം മേഖല സഹകരണ ക്ഷീരോൽപാദക യൂനിയന്‍ ചെയര്മാന് എം.ടി. ജയന്, മേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത, അംഗങ്ങളായ പി.പി. പരമേശര്വന്‍, റിന്‍സി രാജേഷ്, ജില്ല പഞ്ചായത്ത് അംഗം ലീല സുബ്രഹ്മണ്യന്, ബ്ലോക്ക് പഞ്ചായത്ത് അംഗം വനജ ദിവാകരന്, വില്‍സണ്‍ ജെ. പുറവക്കാട്ട്, ജോണ്‍ തെരുവത്ത്, ഭാസ്കരന് ആദം കാവില്‍, താര ഉണ്ണികൃഷ്ണന്, കെ.കെ. ജോണ്സണ്, അഡ്വ. ജോണി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
മുരിങ്ങൂരിൽ 1986ൽ ആരംഭിച്ച മിൽമ പ്ലാന്റിലാണ് പുതിയ ബേക്കറി യൂനിറ്റ് ആരംഭിച്ചിട്ടുള്ളത്. പാൽ സംഭരിക്കാനും ശീതീകരിക്കാനുമായി 1.76 ഏക്കറിൽ ആരംഭിച്ചതാണ് പ്ലാന്റ്. എന്നാൽ, പ്രാഥമിക ക്ഷീരസംഘങ്ങളിൽതന്നെ പാൽ സംഭരിക്കാനും ശീതീകരിക്കാനും ആരംഭിച്ചതോടെ പ്ലാന്റ് പ്രവർത്തനം നിലച്ചിരുന്നു. ഇവിടെയാണ് മിൽമയുടെ പുതിയ ബേക്കറി യൂനിറ്റ് ആരംഭിച്ചത്. പുഡിങ് കേക്ക്, വാനില കപ്പ് കേക്ക്, മിൽക്ക് ബഡ്, മിൽക്ക് ബൺ, മിൽക്ക് റസ്ക് തുടങ്ങിയ ഉൽപന്നങ്ങളാണ് ഇവിടെ നിർമിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.