ചാലക്കുടി: ചാലക്കുടി കോടതി സമുച്ചയം നിർമാണം നിലച്ചു. ഒന്നാം ഘട്ട നിർമാണത്തിന്റെ ഭാഗമായ ചട്ടക്കൂട് പൂർത്തിയായതോടെയാണ് പണികൾ നിലച്ചത്. അഞ്ചു നിലകളുള്ള കെട്ടിടത്തിന്റെ രണ്ടാംഘട്ട നിർമാണ ടെൻഡർ നടപടികൾ പൂർത്തിയായിട്ടില്ല. ആദ്യഘട്ടത്തിൽ 10 കോടിയുടെ പ്രവൃത്തികളാണ് നടന്നത്. ഇതിന്റെ ഭാഗമായി അഞ്ച് നിലകളും കോൺക്രീറ്റ് ചെയ്തു കഴിഞ്ഞിട്ടുണ്ട്. എല്ലാ ഭിത്തികളും നിർമിച്ചിട്ടുണ്ട്. പ്രധാന ജോലികൾ ഇനിയും അവശേഷിക്കുന്നു.
ദേശീയപാതയോരത്ത് സർവിസ് റോഡിനോട് ചേർന്ന് ചാലക്കുടി പഴയ കോടതിയുടെ കോമ്പൗണ്ടിലാണ് നിർമാണം നടക്കുന്നത്.
ഇതിന്റെ പൂർത്തീകരണത്തിന് രണ്ടാംഘട്ടമായി 20 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ മറ്റ് നടപടികൾ പൂർത്തീകരിച്ചിട്ടില്ല. ആദ്യഘട്ടത്തിൽ 10 കോടിയുടെ പ്രവൃത്തികളാണ് നടന്നത്. കെട്ടിടത്തിന്റെ പ്ലാസ്റ്ററിങ്, ഫ്ലോറിങ്, പെയിന്റിങ്, സാനിറ്ററി, പ്ലംബിങ്, ഇലക്ട്രിഫിക്കേഷൻ, ഇലക്ട്രോണിക്സ് സാമഗ്രികൾ ഘടിപ്പിക്കൽ, റാമ്പ്, ചുറ്റുമതിൽ, ലിഫ്റ്റ്, അഗ്നിരക്ഷ സൗകര്യങ്ങൾ, മൾട്ടി ലെവൽ പാർക്കിങ് ഉൾപ്പെടെയുള്ള പ്രവൃത്തികൾക്കാണ് 20 കോടി അനുവദിച്ചത്.
2021 ജൂണിലാണ് കോടതി കെട്ടിടത്തിന്റെ ആദ്യഘട്ട നിർമാണം ആരംഭിച്ചത്. എറണാകുളം പ്രതിഭ െഡവലപ്പേഴ്സിനായിരുന്നു നിർമാണച്ചുമതല. 18 മാസം കൊണ്ട് പൂർത്തീകരിക്കാനായിരുന്നു കരാർ. അസൗകര്യം നിറഞ്ഞ താൽക്കാലിക കെട്ടിടത്തിലാണ് ഇപ്പോൾ മജിസ്ട്രേറ്റ് കോടതിയും മുനിസിഫ് കോടതിയും പ്രവർത്തിക്കുന്നത്. സമുച്ചയ നിർമാണം പൂർത്തിയായാൽ ചാലക്കുടിയിലെ മുനിസിഫ് കോടതി, മജിസ്ട്രേറ്റ് കോടതി, എം.എ.സി.ടി ക്യാമ്പ് സിറ്റിങ്, കുടുംബ കോടതി ക്യാമ്പ് സിറ്റിങ്, പോക്സോ കോടതികൾ എന്നിവ ഇവിടേക്ക് മാറ്റും. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പാർക്കിങ്ങിന് സൗകര്യമൊരുക്കും. ബാക്കി ഭാഗങ്ങളിലാണ് കോടതിക്കുള്ള സൗകര്യങ്ങളൊരുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.