ചാലക്കുടി: ആദിവാസികളിൽ നിലനിൽക്കുന്ന ആത്മഹത്യ പ്രവണത അമ്പരപ്പിക്കുന്നതാണെന്ന് സംസ്ഥാന വനിത കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. സംസ്ഥാന വനിത കമീഷന്റെ ആഭിമുഖ്യത്തിൽ അതിരപ്പിള്ളി പഞ്ചായത്തിൽ സംഘടിപ്പിച്ച ദ്വിദിന പട്ടികവർഗ മേഖല ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ കഴിഞ്ഞാൽ പിന്നെ കാടിന്റെ മക്കൾ വീടുകളിൽ നിന്നും പുറത്തിറങ്ങുന്നില്ല. ഉപരിപഠനത്തിനും മറ്റും സർക്കാറിന്റെ എല്ലാവിധ പദ്ധതികളും നിലനിൽക്കുമ്പോഴാണ് ഇത്തരം അവസ്ഥ. വേണ്ടത്ര ഏകോപനവും കാര്യക്ഷമതയും ഇല്ലാത്തതാണ് ഗോത്രവർഗം ഇന്ന് നേരിടുന്ന പ്രതിസന്ധിയെന്നും അവർ പറഞ്ഞു.
അരൂർമുഴി കമ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആതിര ദേവരാജൻ അധ്യക്ഷയായി. കമീഷൻ അംഗങ്ങായ അഡ്വ. ഇന്ദിര രവീന്ദ്രൻ, വി.ആർ. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, ഡയറക്ടർ ഷാജി സുഗുണൻ, പ്രൊജക്റ്റ് ഓഫിസർ എൻ. ദിവ്യ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ സവിത പി. ജോയ്, അഡ്വ. പ്രിയ മോൾ എന്നിവർ സംസാരിച്ചു.
നേരത്തെ പി. സതീദേവിയും മറ്റു അംഗങ്ങളും പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആതിര ദേവരാജനും ആനക്കയം - പോത്തുപാറ, പിള്ളപ്പാറ വാഴച്ചാൽ ആദിവാസി കോളനികൾ സന്ദർശിച്ചു. സ്ത്രീകളിൽ നിന്നും കുടുംബ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.