ചാലക്കുടി: നഗരസഭയുടെ സുവർണജൂബിലിയുടെ ഭാഗമായി നിർധന കുടുംബങ്ങൾക്ക് നിർമിക്കുന്ന 50 ഭവനങ്ങളിൽ ആദ്യ അഞ്ച് വീടുകൾ പൂർത്തിയായി. പോട്ടയിൽ ടോണി പുല്ലൻ സൗജന്യമായി നഗരസഭക്ക് നൽകിയ 10 സെന്റ് സ്ഥലത്താണ് ആദ്യ ഘട്ടം വീടുകളുടെ നിർമാണം പൂർത്തിയായത്.
കൊച്ചിൻ സേലം പൈപ്പ് ലൈൻ കമ്പനിയുടെ സി.എസ്.ആർ ഫണ്ട് ആറ് ലക്ഷം രൂപയും ലയൺസ് ക്ലബും മണപ്പുറം ഫിനാൻസും നൽകുന്ന 2.50 ലക്ഷം രൂപയും ഉപയോഗിച്ചാണ് വീടുകളുടെ നിർമാണം നടത്തിയത്.
വീടുകൾക്ക് ചുറ്റുമതിലും പ്രത്യേകം വഴിയും ഒരുക്കുന്നുണ്ട്. സുവർണ ഗൃഹം പദ്ധതിയുടെ രണ്ടാം ഘട്ടം വീടുകൾ നിർമാിക്കുന്നതിന് പോട്ടയിൽ 70 സെന്റ് ഭൂമി തങ്കച്ചൻ കട്ടക്കയം സൗജന്യമായി നഗരസഭക്ക് നൽകിയിട്ടുണ്ട്.
സുവർണ ജൂബിലി സ്മാരകമായി സനീഷ് കുമാർ ജോസഫ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചുള്ള ജൂബിലി ഓഫിസ് അനക്സിന്റെ നിർമാണവും പുരോഗമിക്കുന്നു.പൂർത്തിയായ വീടുകളുടെ താക്കോൽ ദാനവും പുതിയ വീടുകളുടെ നിർമാണോദ്ഘാടനവും ഈ മാസം തന്നെ നടത്താനാണ് തീരുമാനം. ചെയർമാൻ എബി ജോർജ്, വൈസ് ചെയർപേഴ്സൻ ആലീസ് ഷിബു, സ്ഥിരം സമിതി ചെയർപേഴ്സൻമാരായ ജോർജ് തോമാസ്, സൂസമ്മ ആന്റണി, എന്നിവർ വീടുകൾ സന്ദർശിച്ച് നിർമാണ പുരോഗതി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.