ചാലക്കുടി: സുവർണ ഗൃഹം പദ്ധതിയിലെ ഒരു വീടിന്റെ അവകാശത്തിനായി നഗരസഭ യോഗത്തിൽ പ്രതിപക്ഷ-ഭരണപക്ഷ തർക്കം തീരുമാനത്തിലെത്താതെ പിരിഞ്ഞു. നേരത്തെ തീരുമാനിച്ച ഗുണഭോക്താവിന് തന്നെ വീട് നൽകിയില്ലെങ്കിൽ ശക്തമായ സമരം ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ് വ്യക്തമാക്കി. നഗരസഭ സുവർണ ജൂബിലിയുടെ ഭാഗമായി നിർമിച്ച അഞ്ചു വീടുകളിൽ മൂന്ന് വീടുകളുടെ കാര്യം നേരത്തെ തീരുമാനിച്ചിരുന്നു.
അവശേഷിക്കുന്ന രണ്ട് വീടുകളിൽ ഒന്ന് വാർഡ് 11ൽ ട്രാംവെ ലയിനിൽ പുറമ്പോക്കിൽ താമസിക്കുന്ന ജിഷോ കോക്കാടനാണ് നഗരസഭയിൽ നടന്ന നറുക്കെടുപ്പിലൂടെ വീട് നേരത്തെ വാഗ്ദാനം ചെയ്തിരുന്നത്. ഈ വിവരം കൗൺസിൽ രേഖകളിൽ രേഖപ്പെടുത്തുകയും ഗുണഭോക്താവിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ രണ്ടു ദിവസം മുമ്പ് ഇയാളെ അവഗണിച്ച് മറ്റൊരു വ്യക്തിക്ക് വീടു നൽകാനുള്ള ഭരണപക്ഷത്തിന്റെ നടപടിയെ പ്രതിപക്ഷ അംഗങ്ങൾ ചോദ്യം ചെയ്തതോടെ യോഗത്തിൽ തർക്കം മുറുകി.
നേരത്തെ നഗരസഭ വാഗ്ദാനം നൽകിയ വാർഡ് 11ലെ ആൾക്ക് തന്നെ വീടു നൽകണമെന്ന വാദത്തിൽ വാർഡ് കൗൺസിലറും പ്രതിപക്ഷ അംഗവുമായ ബിജി സദാനന്ദൻ ഉറച്ചു നിന്നു. ഭരണപക്ഷത്തെ ഗ്രൂപ്പ് പോരാട്ടത്തിന്റെ ഭാഗമായാണ് ഭരണപക്ഷം മറ്റൊരാൾക്ക് വീട് നൽകാൻ തീരുമാനിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു.
തർക്കം നീണ്ടപ്പോൾ വീടു നൽകാനുള്ള അന്തിമ തീരുമാനം ഗുണഭോക്താവുമായുള്ള ചർച്ചയിലൂടെ എത്താമെന്ന് ചെയർമാൻ എബി ജോർജ് അറിയിച്ചതിനെത്തുടർന്ന് യോഗാനന്തരം ഗുണഭോക്താവുമായി ഭരണപക്ഷ അംഗങ്ങളും പ്രതിപക്ഷാംഗങ്ങളും ചർച്ച നടത്തി.
എന്നാൽ ഗുണഭോക്താവായ ജിഷോ കോക്കാടൻ നേരത്തെ ചെയർമാനും വൈസ് ചെയർമാനും തനിക്ക് വീട് നൽകാമെന്ന് നേരിട്ട് അറിയിച്ചതായി ചൂണ്ടിക്കാട്ടി. വീടിന്റെ പണികളുടെ മേൽനോട്ടവും ചെയ്യിച്ചു. അവസാനം വീടില്ലെന്ന് പറയുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. അവകാശത്തിൽനിന്ന് പിന്മാറില്ലെന്നും വീട് തനിക്ക് തന്നെ നൽകണമെന്നും പറഞ്ഞ് ജിഷോ ഇറങ്ങി പോവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.