കൊടകര: ബണ്ടിടിഞ്ഞും പാഴ്ച്ചെടികളും മരങ്ങളും തിങ്ങിവളര്ന്നും പതിറ്റാണ്ടുകളായി നീരൊഴുക്കു തടസ്സപ്പെട്ടു കിടക്കുന്ന വെള്ളിക്കുളം വലിയതോടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. 19 കിലോമീറ്റർ നീളമുള്ള തോടിന്റെ വെള്ളിക്കുളങ്ങര ഭാഗത്ത് നിന്നാണ് ഒരാഴ്ച മുമ്പ് പണികള്‍ ആരംഭിച്ചത്.
നവീകരണം ഏകദേശം ഒരു കിലോമീറ്ററോളം പിന്നിട്ട് കൊടുങ്ങ ക്രോസ് ബാര്‍ വരെ പൂര്‍ത്തിയായിട്ടുണ്ട്. ലഭ്യമാകുന്ന ഫണ്ട് സമാഹരിച്ച് കാലവര്‍ഷം തുടങ്ങുന്നതിനു മുമ്പ് തോടിന്റെ അവസാനഭാഗം വരെ നവീകരിക്കാനുള്ള പരിശ്രമമാണ് മറ്റത്തൂര്‍ പഞ്ചായത്ത് നടത്തിവരുന്നത്. 50 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണം നടത്തുന്നത്. ഈ തുകക്ക് പുറമെ ശുചീകരണത്തിനായി ഓരോ വാര്‍ഡിലേക്കും അനുവദിച്ച തുക കൂടി തോടിനെ വീണ്ടെടുക്കാനുള്ള ഉദ്യമത്തിലേക്ക് ഭരണസമിതി അംഗങ്ങള്‍ നല്‍കിയതായി പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വി.എസ്. നിജില്‍ പറഞ്ഞു.
ജില്ലയിലെ വിസ്തൃതിയേറിയ പഞ്ചായത്തുകളിലൊന്നായ മറ്റത്തൂരിന്റെ കാര്‍ഷിക സമൃദ്ധി നിലനിര്‍ത്തുന്നത് വെള്ളിക്കുളം വലിയ തോടിലെ വെള്ളമാണ്. കോടശേരി പഞ്ചായത്തില്‍ നിന്ന് ഉത്ഭവിച്ച് മറ്റത്തൂരിലെ വാസുപുരത്ത് വെച്ച് കുറുമാലി പുഴയില്‍ ചേരുന്നതാണ് തോട്. മുപ്ലി പുഴ കഴിഞ്ഞാല്‍ കുറുമാലി പുഴയിലേക്ക് ഏറ്റവും കൂടുതല്‍ വെള്ളമെത്തിക്കുന്നതും വലിയതോടാണ്. മറ്റത്തൂരിലെ ഒട്ടുമിക്ക പാടശേഖരങ്ങളിലും കൃഷിയിറക്കുന്നത് തോട്ടിലെ വെള്ളത്തെ ആശ്രയിച്ചാണ്. കുടിവെള്ള പദ്ധതികളും ചെറുകിട ജലസേചന പദ്ധതികളും പ്രവര്‍ത്തിക്കുന്നതും വെള്ളിക്കുളം തോട്ടില്‍ പലയിടത്തായി നിര്‍മിച്ചിട്ടുള്ള ക്രോസ് ബാറുകളില്‍ സംഭരിക്കുന്ന വെള്ളത്തെ ആശ്രിയച്ചാണ്. ബണ്ടിടിഞ്ഞും കുളവാഴകളും മരങ്ങളും തിങ്ങി വളര്‍ന്നും നാശോന്മുഖമായി കിടന്ന തോട് പ്രളയത്തില്‍ കൂടുതല്‍ ശോച്യാവസ്ഥയിലായി. മഴക്കാലത്ത് നീരൊഴുക്ക് തടസ്സപ്പെട്ട് പരക്കെ വെള്ളക്കെട്ട് രൂക്ഷമാകാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് തോട് വൃത്തിയാക്കാന്‍ പഞ്ചായത്ത് പദ്ധതി ഒരുക്കിയത്.
ഇരുവശങ്ങളിലും വളര്‍ന്ന കുറ്റിച്ചെടികള്‍ വെട്ടിനീക്കിയും യന്ത്രം ഉപയോഗിച്ച് ചെളിയും മണ്ണും നീക്കിയുമാണ് തോടിനെ വീണ്ടെടുക്കുന്നത്. വെള്ളത്തില്‍ പൊന്തിക്കിടന്ന് ചളി കോരി മാറ്റുന്ന ഫ്ലോട്ടിങ് യന്ത്രത്തിന്റെ സഹായത്തോടെയാണ് വൃത്തിയാക്കുന്നത്. കക്ഷി, രാഷ്ടീയ പരിഗണനകളില്ലാതെ ഭരണസമിതി ഒറ്റക്കെട്ടായി നിന്നാണ് തോടിനെ വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.