ചാലക്കുടി: ചാലക്കുടി നഗരഹൃദയത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയുടെ മേൽപാലത്തിന്റെ അടിഭാഗം സൗന്ദര്യവത്കരണത്തിനും അറ്റകുറ്റപ്പണിക്കുമായി നഗരസഭക്ക് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ചെയർമാൻ എബി ജോർജ് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിക്ക് കത്ത് നൽകി. സൗത്ത് ജങ്ഷനിലെയും പോട്ടയിലെയും മേൽപാലങ്ങളുടെ താഴ്ഭാഗമാണ് ദീർഘകാലത്തേക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടത്.
കാലങ്ങളായി മേൽപാലത്തിന്റെ അടിഭാഗം വൃത്തിഹീനമാണ്. അവിടെ സൗന്ദര്യവത്കരണം നടത്താൻ കേന്ദ്രാനുമതി വേണം. വർഷങ്ങൾക്കുമുമ്പ് ഇതിന് ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. നിലവിൽ ഇവിടെ മാലിന്യം നിറഞ്ഞ് കിടപ്പാണ്. ഉപയോഗശൂന്യമായ വാഹനങ്ങൾ ഉപേക്ഷിക്കുന്ന ഇടവുമാണ്.
സാമൂഹികവിരുദ്ധരും ലഹരി ഉപയോഗിക്കുന്നവരും ഇവിടം താവളമാക്കുന്നുണ്ട്. രാത്രി വേണ്ടത്ര വെളിച്ചം ഇല്ലാത്തത് ഇത്തരക്കാർക്ക് സഹായകമാണ്. ഇവിടം ഇങ്ങനെ കിടക്കുന്നത് നഗരത്തിന്റെ സൗന്ദര്യത്തെ ബാധിക്കുന്നുവെന്നാണ് നഗരസഭയുടെ പക്ഷം. ഫ്ലൈഓവറിന് കീഴിൽ മതിയായ വെളിച്ചവും മറ്റ് സൗകര്യങ്ങളും ഒരുക്കണമെന്നും മേൽപാലത്തിന് താഴെയുള്ള ഭാഗം സൗന്ദര്യവത്കരണവും അറ്റകുറ്റപ്പണിയും നടത്താൻ പൂർണമായും നഗരസഭയെ ഏൽപിക്കണമെന്നുമാണ് ആവശ്യം. ദേശീയപാത അധികൃതർക്ക് ഇതുസംബന്ധിച്ച് നൽകിയ കത്തിന്റെ തുടർച്ചയായാണ് കേന്ദ്രമന്ത്രിയെ കണ്ട് കത്ത് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.