ചാലക്കുടി: ചാലക്കുടിക്ക് സമീപം കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലെ ചെറുവാളൂർ ഭദ്രകാളി ക്ഷേത്രത്തിലും പരിസരത്തും മോഷണം. ചെറുവാളൂർ മൂത്തേടത്ത് സുബൈദയുടെ വീട്ടിലും മോഷണം നടന്നു. സ്വർണവും പണവും മോഷണം പോയി. വീട്ടുകാർ കുറച്ചുദിവസമായി വീട്ടിലുണ്ടായിരുന്നില്ല.
തിരികെ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. സമീപത്തെ വീട്ടിലെ മോഷണവിവരമറിഞ്ഞ് ക്ഷേത്രവുമായി ബന്ധപ്പെട്ടവർ എത്തി അന്വേഷിച്ചപ്പോഴാണ് കൂട്ടാല ക്ഷേത്രത്തിലും മോഷണം നടന്നതായി കണ്ടെത്തിയത്.
ക്ഷേത്രം എല്ലാദിവസവും പ്രവർത്തിക്കില്ല. മാസത്തിൽ ഒരിക്കൽ മാത്രം തുറക്കുന്നതിനാൽ മോഷണം ശ്രദ്ധയിൽപെട്ടില്ല. അതിനാൽ എന്നാണ് മോഷണം നടന്നതെന്ന് വ്യക്തമല്ല. ക്ഷേത്രത്തിന്റെ ഓഫിസ് മുറിയുടെ വാതിലിൽ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്.
വിളക്കുകൾ ഉൾപ്പെടെയുള്ള പൂജാസാമഗ്രികൾ മോഷ്ടിച്ചു. എന്നാൽ അതോടൊപ്പം ക്ഷേത്രപരിസരത്തെ കാടുപിടിച്ച പറമ്പിൽ കുറച്ച് പാത്രങ്ങളും ആയുധങ്ങളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വിളക്കുകളും മറ്റും അഴിച്ചെടുത്ത് ക്ഷേത്രം അലങ്കോലപ്പെടുത്തിയ അവസ്ഥയിലാണ്. മുമ്പ് 2021ൽ ക്ഷേത്രത്തിൽ ഭണ്ഡാരത്തിൽ മോഷണം നടന്നിരുന്നു. കൊരട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.