ചാലക്കുടി: രണ്ടാഴ്ച മുമ്പ് പുനർനിർമിച്ച റോഡ് കുത്തിപ്പൊളിക്കാനെത്തിയ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ തർക്കം. ഇതേതുടർന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ തിരിച്ചുപോയി. മേലൂർ - കോട്ടമുറി റോഡിൽ ആശുപത്രിക്ക് സമീപമാണ് റോഡ് കുത്തിപ്പൊളിക്കാൻ മണ്ണുമാന്തി യന്ത്രവും മറ്റ് യന്ത്രസാമഗ്രികളുമായി വാട്ടർ അതോറിറ്റിക്കാർ വന്നത്.
പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് സംബന്ധിച്ച് റോഡ് സംരക്ഷണ സമിതി പ്രവർത്തകർ വാട്ടർ അതോറിറ്റിക്ക് പരാതി നൽകിയിരുന്നു. റോഡ് കുത്തിപ്പൊളിക്കാൻ ഒരുങ്ങുമ്പോഴാണ് നാട്ടുകാർ എത്തിയത്. കുത്തിപ്പൊളിച്ചാൽ പകരം റോഡ് ഇപ്പോഴത്തെ ഗുണമേന്മയോടെ അറ്റകുറ്റപ്പണി ചെയ്ത് തരാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ഉദ്യോഗസ്ഥരോടും കരാറുകാരനോടും ആവശ്യപ്പെട്ടു.
എന്നാൽ അതൊന്നും തങ്ങൾക്ക് കഴിയില്ലെന്ന് പറഞ്ഞതോടെയാണ് തർക്കം ഉടലെടുത്തത്. കുത്തിപ്പൊളിച്ച റോഡ് ശരിയാക്കാൻ പി.ഡബ്ല്യൂ.ഡിയുടെ ഭാഗത്തുനിന്നും കരാറുകാരന്റെ ഭാഗത്തുനിന്നും ആരും വരില്ലെന്ന് വാട്ടർ അതോറിറ്റി എൻജിനീയർ വ്യക്തമാക്കി. അങ്ങനെ ചെയ്യാതെ പുതിയ റോഡ് കുത്തിപ്പൊളിക്കുന്നത് ശരിയല്ലെന്നായി നാട്ടുകാർ. തുടർന്ന് വാട്ടർ അതോറിറ്റി അധികൃതർ പിൻവാങ്ങി. ഇക്കാര്യത്തിൽ പി.ഡബ്ല്യു.ഡി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.