ചാലക്കുടി: മലപ്പുറം വളാഞ്ചേരിക്കടുത്ത് വട്ടപ്പാറ വളവിൽ ഉള്ളി ലോഡ് കയറ്റിയ ലോറി മറിഞ്ഞുണ്ടായ അപകടം ചാലക്കുടിയിലെ രണ്ട് കുടുംബങ്ങളെ തോരാ കണ്ണീരിലാക്കി. മരിച്ച മൂന്നുപേരിൽ രണ്ടുപേർ ചാലക്കുടിക്കാരാണ്. ലോറി ഉടമയുടെ മകൻ ചാലക്കുടി വടക്കുംഞ്ചേരി ഐനിക്കാടൻ ജോർജിന്റെ മകൻ അരുണിന്റെ മരണം നാട്ടുകാർക്ക് ഞെട്ടലായി.
17 ദിവസം മുമ്പാണ് അരുണിന്റെ മാതാവ് മരിച്ചത്. മാനസിക ദൗർബല്യങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. കുടുംബത്തിന്റെ കണ്ണുനീര് ഉണങ്ങും മുമ്പ് പിതാവിനെയും സഹോദരി ഏയ്ഞ്ചലിനെയും തനിച്ചാക്കി അരുണും വിടപറഞ്ഞു.
ജോർജിന് അസൗകര്യങ്ങൾ വരുന്ന ഘട്ടത്തിൽ അരുൺ വല്ലപ്പോഴുമൊക്കെയേ ലോറിയിൽ പോകാറുള്ളൂ. ഏതാനും ദിവസം മുമ്പാണ് ലോഡുമായി ലോറിയിൽ രാജസ്ഥാനിലേക്ക് പോയത്. ഉള്ളി ലോഡുമായി മടക്ക ട്രിപ് വരുമ്പോഴാണ് അപകടം. അപകടത്തിൽ മരിച്ച ലോറി ഡ്രൈവർ അലമറ്റംകുണ്ട് ചൂളക്കൽ രാജപ്പന്റെ മകൻ ഉണ്ണികൃഷ്ണൻ (55) ചാലക്കുടി സ്വദേശിയാണ്.
ഇദ്ദേഹം ഒരു വർഷമേ ആയിട്ടുള്ളു ജോർജിന്റെ ലോറിയിലെ ഡ്രൈവറായിട്ട്. കുഴൂർ സ്വദേശിയായ ഉണ്ണികൃഷ്ണൻ പടിഞ്ഞാറേ ചാലക്കുടിയിൽ ഭാര്യഗൃഹത്തോട് ചേർന്നാണ് താമസം. പുതിയ വീട് നിർമിച്ച് താമസം തുടങ്ങിയിട്ട് അധിക നാളുകളായിട്ടില്ല. ജീവിതം പച്ചപിടിക്കാൻ തുടങ്ങുന്നതിനിടയിലാണ് ഭാര്യ ഷിബി, മക്കളായ ആദിത്യ, അദ്വൈത് എന്നിവരെ വിട്ടുപിരിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.