ചാലക്കുടി: ട്രാംവേ റോഡിൽ മിനി സിവിൽ സ്റ്റേഷൻ ഭാഗത്തെ വാഹന പരിശോധനയും അനധികൃത പാർക്കിങ്ങും ഗതാഗത പ്രശ്നം സൃഷ്ടിക്കുന്നതായി പരാതി. ലീഗൽ മെട്രോളജി വകുപ്പിന്റെ ഓട്ടോറിക്ഷകളുടെ മീറ്റർ പരിശോധന ഇവിടെ കാലങ്ങളായി നടക്കുന്നുണ്ട്. 60ൽപരം ഓട്ടോകളാണ് അധികാരികളുടെ പരിശോധനക്കായി മണിക്കൂറുകളോളം കാത്തുകിടക്കുന്നത്.
റോഡിലെ പരിശോധന അവസാനിപ്പിക്കണമെന്നാണ് ജനം ആവശ്യപ്പെടുന്നത്. ഇതുകൂടാതെ വലിയ വാഹനങ്ങളുടെ അനധികൃത പാർക്കിങ് ട്രാംവേ റോഡിൽ വർധിച്ചത് ഗതാഗതക്കുരുക്കിന് കാരണമാവുന്നതായി നേരത്തെ പരാതിയുണ്ട്. ടൂറിസ്റ്റ് ബസുകൾ, ടോറസ് ലോറികൾ അടക്കമുള്ള വലിയ വാഹനങ്ങളാണ് പതിവായി പാർക്ക് ചെയ്യുന്നത്.
അടിപ്പാത തുറന്നതോടെ പുതിയ ഗതാഗത പരിഷ്കാരത്തിൽ ട്രാംവേ റോഡിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. റോഡിലെ കുരുക്കുകൾ ചാലക്കുടിയിലെ ഗതാഗതത്തെ പ്രതികൂലമായി ബാധിക്കും. പഴയ ദേശീയപാതയിൽ നിന്നും വെള്ളിക്കുളം റോഡിൽ നിന്നും ആനമല റോഡിൽ നിന്നും വരികയും പോവുകയും ചെയ്യുന്ന നിരവധി വാഹനങ്ങൾ ചാലക്കുടി ട്രങ്ക് റോഡ് ജങ്ഷൻ ഒഴിവാക്കാൻ ഇപ്പോൾ ഇതുവഴിയാണ് പോകുന്നത്.
സൗത്തിലേക്കും റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്കും എളുപ്പത്തിൽ പോകാനാവുമെന്നതാണ് സൗകര്യം. അതിനാൽ ഇവിടെ തിരക്ക് വർധിച്ച സാഹചര്യം മനസ്സിലാക്കി റോഡിൽ കുരുക്കുണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് ജനം ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.