ചാവക്കാട്: പുതിയ വീട്ടിലെത്തിയ പിറ്റേന്ന് തന്നെ പ്രസവിച്ച നൂറ എന്ന കുതിരയും അവളുടെ മകളും വീട്ടുകാർക്കും പരിസരവാസികൾക്കും കൗതുക കാഴ്ചയാകുന്നു. കടപ്പുറം പഞ്ചായത്ത് മുൻ പ്രസിഡൻറ് കറുകമാട് വലിയകത്ത് റംല അഷറഫിെൻറ വീട്ടിലാണ് പുതിയ കുതിര പ്രസവിച്ചത്. ശനിയാഴ്ച റംല-അഷറഫ് ദമ്പതിമാരുടെ ഇളയ മകൻ അഹമ്മദ് കബീർ (അമ്മുദു-17) മണത്തലയിലെ കൂട്ടുകാരൻ താനിഫിൽനിന്നാണ് കുതിരയെ വാങ്ങിയത്.
കുതിരയോടുള്ള അടങ്ങാത്ത താൽപര്യം കാരണം പോക്കറ്റ് മണി സ്വരൂപിച്ച് സ്വന്തമാക്കുകയായിരുന്നു. നൂറ എന്ന് പേരിട്ട കുതിര ശനിയാഴ്ച വൈകീട്ട് വീട്ടിലെത്തുമ്പോൾ അത് ഗർഭിണിയാണെന്നും ഒരു പക്ഷേ മൂന്നു മാസം കഴിയുമ്പോൾ പ്രസവിച്ചേക്കുമെന്നും മാത്രമേ പഴയ ഉടമ സൂചിപ്പിച്ചിരുന്നുള്ളു. ഞായറാഴ്ച പുലർച്ച ജനലിലൂടെ നോക്കുമ്പോൾ കുതിരക്ക് സമീപം ഒരജ്ഞാത ജീവിയെ കണ്ടു. അടുത്തെത്തി നോക്കുേമ്പാഴാണ് കുതിരക്കുഞ്ഞാണെന്ന് തിരിച്ചറിഞ്ഞത്.
ഒരു കുതിരയെ ആഗ്രഹിച്ച അഹമ്മദ് കബീറിന് ഉടനെ മറ്റൊന്നു കൂടി ലഭിച്ച ആഹ്ലാദത്തിലാണ് റംലയും അഷറഫും കുടുംബവും. ചാവക്കാട് എം.ആർ.ആർ.എം ഹയർ സെക്കൻഡറി സ്കൂളിൽ 10ാം ക്ലാസ് വിദ്യാർഥിയായ കബീറും അബൂദബിയിലുള്ള ജ്യേഷ്ഠൻ അസ്ലമും മുയൽ, അലങ്കാര മത്സ്യങ്ങൾ, കിളികൾ, പ്രാവുകൾ എന്നിവ വളർത്തുന്നതിൽ താൽപര്യമുള്ളവരാണ്. ഇവർക്കൊപ്പം അയൽവാസിയായ മുർഷിദുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.