ചാവക്കാട്: മത്സ്യബന്ധനത്തിനിടെ യന്ത്രം തകരാറിലായി കടലിൽ കുടുങ്ങിയ വള്ളവും 45 തൊഴിലാളികളെയും രക്ഷപ്പെടുത്തി കരക്കെത്തിച്ചു. വെള്ളിയാഴ്ച രാവിലെ മുനക്കകടവ് ഫിഷ് ലാൻഡിങ് സെന്ററിൽനിന്ന് മത്സ്യബന്ധനത്തിനു പോയ അമ്പാടി വള്ളമാണ് കടലില്‍ കുടുങ്ങിയത്. വിവരമറിഞ്ഞെത്തിയ ഫിഷറീസ്-മറൈൻ എൻഫോഴ്സ്മെന്റ് റെസ്ക്യൂ സംഘമാണ് നാട്ടിക പടിഞ്ഞാറ് 19 കിലോമീറ്റർ അകലെനിന്ന് ഇവരെ കരക്കെത്തിച്ചത്.
വലപ്പാട് ഇരിങ്ങത്തുരുത്തി വീട്ടിൽ പ്രസാദിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് അമ്പാടി. വെള്ളിയാഴ്ച വൈകീട്ട് 4.30ഓടെയാണ് വള്ളവും തൊഴിലാളികളും കടലില്‍ കുടുങ്ങിയതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചത്.
ഫിഷറീസ് അസി. ഡയറക്ടര്‍ എം.എഫ്. പോളിന്റെ നിര്‍ദേശപ്രകാരം മറൈൻ എൻഫോഴ്സ്മെൻറ് ആൻഡ് വിജിലൻസ് വിങ് ഉദ്യോഗസ്ഥരായ വി.എൻ. പ്രശാന്ത്കുമാർ, വി.എം. ഷൈബു, റെസ്ക്യൂ ഗാര്‍ഡുമാരായ പ്രസാദ്, അൻസാർ, ബോട്ട് സ്രാങ്ക് റസാഖ്, എൻജിൻ ഡ്രൈവർ റഷീദ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
മത്സ്യബന്ധന യാനങ്ങൾ വാർഷിക അറ്റകുറ്റപ്പണി കൃത്യമായി നടത്താത്തതും കാലപ്പഴക്കം വന്ന യാനങ്ങൾ ഉപയോഗിച്ച് മത്സ്യബന്ധനത്തിന് പോകുന്നതുമാണ് അപകടങ്ങൾ പതിവാകാൻ കാരണം. ഈയാഴ്ചതന്നെ നാലാമത്തെ യാനമാണ് ഇത്തരത്തിൽ കടലിൽ അകപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.