ചാവക്കാട്: ദേശീയപാത വികസന ഭാഗമായി കനോലി കനാല്‍ മണ്ണിട്ട് നികത്തിയതിനെതിരെയുള്ള ജനപ്രതിനിധികളുടെ ഇടപെടൽ ഫലംകണ്ടു. ദേശീയപാത നിർമാണ കാരാർ കമ്പനിക്കാർ മണ്ണ് നീക്കി കനാലിന്റെ നീരൊഴുക്ക് പൂര്‍വസ്ഥിതിയിലാക്കി.
എൻ.കെ. അക്ബർ എം.എൽ.എ, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സ്വാലിഹ ഷൗക്കത്ത്, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വി.പി. മൻസൂർ അലി, അംഗം ഷീജ രാധാകൃഷ്ണൻ, ബി.ജെ.പി കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഗണേഷ് ശിവജി, കെ.ജി. രാധാകൃഷ്ണൻ എന്നിവർ ഉൾപ്പടെ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. ഇതേ തുടർന്നാണ് കനാലില്‍നിന്ന് മണ്ണ് നീക്കാന്‍ ദേശീയപാത നിര്‍മാണ കരാർ കമ്പനിക്കാർ നിര്‍ബന്ധിതരായത്.
കടപ്പുറം പഞ്ചായത്തിലെ മൂന്നാം വാർഡ് ബ്ലാങ്ങാട് വൈലി ക്ഷേത്രത്തിന് കിഴക്കു ഭാഗത്തെ കനോലി കനാലിന്റെ വശങ്ങളാണ് പാതയുടെ ഭാഗമായ പാലത്തിന്റെ നിര്‍മാണാവശ്യത്തിനായി മണ്ണിട്ട് നികത്തിയത്. ഒരുമനയൂർ പഞ്ചായത്തിലെ വില്യംസ് മുതല്‍ നഗരസഭയിലെ മുല്ലത്തറ വരെയുള്ള ബൈപ്പാസ് നിര്‍മാണ മേഖലയിലാണ് കനോലി കനാല്‍ നികത്തിയത്.
20 മീറ്ററിലധികം വീതിയുള്ള കനാല്‍ മണ്ണിട്ട് നികത്തി ഏതാനും മീറ്റര്‍ മാത്രം വീതിയിലേക്ക് ചുരുക്കിയിരുന്നു. നേരത്തെ ഇത്തരത്തിൽ നികത്തിയതു കാരണം മഴക്കാലത്ത് മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരും ജനപ്രതിനിധികളും പ്രതിഷേധവുമായി എത്തിയത്. കഴിഞ്ഞ 19നാണ് പ്രസിഡന്റ് സ്വാലിഹ ഷൗക്കത്തിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും നാട്ടുകാരും നിർമാണം തടഞ്ഞത്.
കനാല്‍ നികത്തിയതിനെതിരെ എം.എല്‍.എയുടെ നേതൃത്വത്തിൽ മന്ത്രി റോഷി അഗസ്റ്റിനും ജില്ല കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. കനോലി കനാലിന് കുറുകെ പണിയുന്ന പാലത്തിന്റെ പില്ലറുകള്‍ നിര്‍മിക്കാനുള്ള സൗകര്യത്തിനാണ് മണ്ണിട്ട് നികത്തുന്നതെന്നായിരുന്നു കരാറുകാരുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.