ചാവക്കാട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി മുന്നറിയിപ്പില്ലാതെ കനോലി കനാൽ മണ്ണിട്ട് നികത്തുന്നതിനെതിരെ നടപടി ആവശ്യപ്പെട്ട് എൻ.കെ. അക്ബർ എം.എൽ.എ മന്ത്രിക്കും ജില്ല കലക്ടർക്കും കത്ത് നൽകി.
ദേശീയപാത വികസനത്തിന്റെ ഭാഗമായി കടപ്പുറം പഞ്ചായത്ത് മൂന്നാം വാർഡിലാണ് ദേശീയ പാത നിർമാണ കരാർ കമ്പനി ജീവനക്കാർ വ്യാഴാഴ്ചയാണ് മണ്ണിട്ട് നികത്താൻ തുടങ്ങിയത്.
ഇറിഗേഷൻ വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് കനോലി കനാൽ. കനാലിൽ മണ്ണിട്ട് നികത്തിയതിനാൽ കഴിഞ്ഞ മൺസൂൺ കാലത്ത് പുഴ നിറഞ്ഞ് വീടുകളിലേക്ക് വെള്ളം കയറിയിരുന്നു. എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികളുടെയും ഇറിഗേഷൻ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ മണ്ണ് നീക്കിയാണ് വെള്ളം ഒഴുക്കിവിട്ട് പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയത്. മുൻകരുതലെടുക്കാതെയും അറിയിപ്പുകൾ നൽകാതെയുമാണ് കരാർ കമ്പനി ജീവനക്കാർ വീണ്ടും അനധികൃതമായി പുഴ നികത്തുന്നത്.
സംഭവമറിഞ്ഞ് എം.എൽ.എയും പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്തും കടപ്പുറം പഞ്ചായത്ത് ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.
അനധികൃതമായി പുഴ നികത്തുന്നതിനെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും കലക്ടർക്കും എം.എൽ.എ കത്ത് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.