representational image

അണ്ടത്തോട് കുടുംബാരോഗ്യകേന്ദ്രം വികസനം നീളുന്നു

ചാവക്കാട്: പുന്നയൂർക്കുളം പഞ്ചായത്തിലെ അണ്ടത്തോട് കുടുംബാരോഗ്യകേന്ദ്രത്തിലെ വികസന പ്രവർത്തനങ്ങളുടെ നിർമാണം ആരംഭിക്കാത്തതുമായി ബന്ധപ്പെട്ട് അവലോകന യോഗത്തിൽ കോസ്റ്റ് ഫോർഡ് അധികൃതർക്ക് എം.എൽ.എയുടെ വിമർശനം. ഹെൽത്ത് സ്റ്റാഫ് ക്വാർട്ടേഴ്സ്, ഡിജിറ്റൽ ലൈബ്രറി, കാന്റീൻ എന്നിവയുടെ നിർമാണമാണ് വൈകുന്നത്.

നിർമാണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഈ മാസം 25ന് അറിയിക്കണമെന്നും എൻ.കെ. അക്ബർ എം.എൽ.എ ആവശ്യപ്പെട്ടു. ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ വിവിധ നിർമാണപ്രവൃത്തികളുടെ ചാവക്കാട് താലൂക്കുതല അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു എം.എൽ.എ.

കടപ്പുറം പഞ്ചായത്തിലെ ഐസൊലേഷൻ വാർഡ് പൂർത്തിയാക്കാത്ത കെ.എം.സി.എല്ലിന് വിശദീകരണ നോട്ടീസ് നൽകാൻ യോഗം തീരുമാനിച്ചു. താലൂക്ക് ആശുപത്രിയിലെ 1.22 കോടി രൂപയുടെ ഒ.പി ട്രാൻസ്ഫോർമറേഷൻ നിർമാണം വൈകിപ്പിച്ച കെല്ലിനും നോട്ടീസ് നൽകും.

ഡിസംബറിൽ നിർമാണം പൂർത്തീകരിക്കുമെന്ന് കെൽ ഉറപ്പ് നൽകി. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ലിഫ്റ്റ് നിർമാണം പൂർത്തീകരിച്ച് അടിയന്തരമായി തുറക്കാൻ എം.എൽ.എ പൊതുമരാമത്ത് അധികൃതർക്ക് നിർദേശം നൽകി.

ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ഏങ്ങണ്ടിയൂർ, ഒരുമനയൂർ പഞ്ചായത്തുകളിലെ ഹെൽത്ത് സെന്ററുകളുടെ സ്ഥലവും കെട്ടിടവും നഷ്ടപ്പെടുന്നതിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ്മാരായ സുശീല സോമൻ, ജാസ്മിൻ ഷഹീർ, വി.കെ. ഫസലുൽ അലി, ഒരുമനയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. രവീന്ദ്രൻ, ഡെപ്യൂട്ടി കലക്ടർ (ദുരന്ത നിവാരണം) കെ.എസ്. പരീത്, ആർദ്രം നോഡൽ ഓഫിസർ ഡോ. നിബിൻ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Development of family health center extends in Andathod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.