ചാവക്കാട്: മത്സ്യമിറക്കാൻ വള്ളക്കാർക്ക് കഴിയാത്തവിധം ബോട്ടുകൾ കെട്ടിയിട്ടതിനെ ചൊല്ലി ഫിഷ് ലാൻഡിങ് സെന്ററിൽ തർക്കവും സംഘർഷവും. കടപ്പുറം മുനക്കക്കടവ് ഫിഷ് ലാൻഡിങ് സെൻററിനു സമീപമാണ് പുഴയിലൂടെ മറ്റു യാനങ്ങൾക്ക് പ്രവേശിക്കാനാവാത്തവിധം ബോട്ടുകൾ കെട്ടിയിട്ടത്. ഉച്ചക്ക് ഒന്നോടെ നിറയെ മത്സ്യവുമായി എത്തിയ നിരവധി വള്ളക്കാരാണ് ദുരിതത്തിലായത്. സാധാരണ രീതിയിൽ കടലിൽനിന്ന് പുഴയിലൂടെ മത്സ്യവുമായെത്തുന്ന യാനങ്ങൾക്ക് സൗകര്യം പോലെ കെട്ടിയിട്ട് ഫിഷ് ലാൻഡിങ് സെന്ററിലേക്ക് മത്സ്യമിറക്കാനുള്ളതാണ് ഈ ഭാഗം. എന്നാൽ, ട്രോളിങ് നിരോധന കാലമായതിനാൽ കടലിൽ പോകാൻ പാടില്ലാത്ത എട്ടോളം ബോട്ടുകളാണ് നിരയായി പ്രദേശത്ത് കെട്ടിയിട്ടുള്ളത്.
മറ്റു ജില്ലക്കാരുടേതുൾപ്പടെയുള്ള ബോട്ടുകാരിൽ പലരും ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല. എന്നാൽ, സ്ഥലത്തുണ്ടായിരുന്നവരും ബോട്ട് മാറ്റിയിടാൻ വിസമ്മതിച്ചു.
മത്സ്യവുമായെത്തിയ വള്ളങ്ങൾ ജില്ലയിൽനിന്നും മറ്റു ജില്ലകളിൽ നിന്നുമുള്ളവയുമായിരുന്നു. ബോട്ടുകാർ സഹകരിക്കാൻ വിസമ്മതിച്ചതോടെ ഫിഷ് ലാൻഡിങ് സെന്ററിലെ തൊഴിലാളികളും ബോട്ടുകാരും തമ്മിൽ തർക്കമായി. മുനക്കക്കടവ് തീര പൊലീസും ചാവക്കാട് പൊലീസും സ്ഥലത്തെത്തി. എന്നാൽ, ബോട്ടുകാർ വിവിധ കാരണങ്ങൾ പറഞ്ഞ് മാറാതെ നിന്നപ്പോൾ പൊലീസുകാരും നോക്കുകുത്തികളായി. ഇതോടെ പൊലീസ് നിഷ്ക്രിയരായി നിൽക്കുന്നു എന്നാരോപിച്ച് തൊഴിലാളികൾ പൊലീസുമായും തർക്കത്തിലായി. സംഘർഷാവസ്ഥയിലെത്തിയതോടെ ഫിഷ് ലാൻഡിങ് സെന്റർ ഏകോപന തൊഴിലാളി യൂനിയൻ പ്രസിഡന്റ പി.കെ. ബഷീർ ഇടപെട്ട് ഇരു കൂട്ടരെയും ശാന്തരാക്കി.
പിന്നീട് വൈകീട്ട് അഞ്ചരയോടെയാണ് ബോട്ടുകൾ അവിടെ നിന്ന് മാറ്റിയത്. സമീപ കാലത്ത് ആദ്യമായാണ് വള്ളക്കാർ ഇത്രയും കൂടുതൽ മത്സ്യവുമായെത്തുന്നത്. സാധാരണ കാരിയർ വള്ളത്തിലാണ് മത്സ്യവുമായി വരാറുള്ളത്. വ്യാഴാഴ്ച ധാരാളം മത്സ്യം ലഭിച്ചതോടെയാണ് വള്ളങ്ങൾ തന്നെ നേരിട്ടെത്തിയത്.
തർക്കങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ ബോട്ടുകാരും ഫിഷ് ലാൻഡിങ് സെന്റർ തൊഴിലാളികളും നേതാക്കളും മുനക്കക്കടവ്, ചാവക്കാട് പൊലീസും ഫിഷറീസ് ഡി.ഡിയും പങ്കെടുക്കുന്ന യോഗം വെള്ളിയാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.