ചാവക്കാട്: നഗരസഭയിൽ വാതിൽപടി സേവന പദ്ധതി നവംബർ ഒന്ന് മുതൽ ആരംഭിക്കും. ശനിയാഴ്ച ചേർന്ന ചാവക്കാട് നഗരസഭ കൗൺസിൽ യോഗത്തിലാണ് തീരുമാനം. ജില്ലയിൽ രണ്ട് നഗരസഭകളിലാണ് വാതിൽപടി സേവനം പൈലറ്റ് പ്രോജക്ടായി ചെയ്യുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട 90 ശതമാനം പ്രവൃത്തികളും പൂർത്തീകരിച്ചതായി യോഗത്തിൽ അധ്യക്ഷത വഹിച്ച ചെയർപേഴ്സൻ ഷീജ പ്രശാന്ത് അറിയിച്ചു. നഗരസഭയിൽ മുനിസിപ്പൽതല കമ്മിറ്റിയും വാർഡ്തല കമ്മിറ്റികളും രൂപവത്കരിച്ച് കിലയുടെ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങൾക്കും വളൻറിയർമാർക്കുമുള്ള പരിശീലനം നൽകിയിരുന്നു. രണ്ടുലക്ഷം രൂപയാണ് ഈ പദ്ധതിക്കായി നഗരസഭ വകയിരുത്തിയത്. ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായ പദ്ധതിയിലേക്ക് സുമനസ്സുകളിൽ നിന്നും സംഭാവന സമാഹരിക്കാൻ പ്രത്യേകം ബാങ്ക് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ടെന്നും ചെയർപേഴ്സൻ അറിയിച്ചു.
നഗരസഭയുടെ 2020-21 വർഷത്തെ ബസ് സ്റ്റാൻഡ് കംഫർട്ട് സ്റ്റേഷൻ, ബ്ലാങ്ങാട് ബീച്ച് കംഫർട്ട് സ്റ്റേഷൻ, ബീച്ച് വണ്ടിത്താവളം, മത്സ്യ മാർക്കറ്റ് യാർഡ്, ടോയ്ലറ്റ് എന്നിവയുടെ കുത്തക ലേലമെടുത്തിട്ടുള്ളവർക്ക് കോവിഡ് മൂലം പ്രവർത്തിക്കാൻ കഴിയാതെ അടച്ചിടേണ്ടി വന്നതിനാൽ ലേലത്തുകയുടെ 40 ശതമാനം ഇളവ് നൽകാനും തീരുമാനിച്ചു. ചാവക്കാട് നഗരസഭ ഏഴാം വാർഡിൽ കാലങ്ങളായി പൊതുവഴിയായി ഉപയോഗിച്ചുവരുന്ന അബ്ദുൽ ജലീൽ റോഡ് നഗരസഭ ഏറ്റെടുത്ത് ആസ്തി രജിസ്റ്ററിൽ ചേർക്കാനും തീരുമാനിച്ചു. വൈസ് ചെയർമാൻ കെ.കെ. മുബാറക്ക്, സ്ഥിരംസമിതി അധ്യക്ഷന്മാരായ ഷാഹിന സലിം, എ.വി. മുഹമ്മദ് അൻവർ, പ്രസന്ന രണദിവെ, ബുഷറ ലത്തീഫ്, കൗൺസിലർമാരായ എം.ആർ. രാധാകൃഷ്ണൻ, കെ.വി. സത്താർ, നഗരസഭ സെക്രട്ടറി കെ.ബി. വിശ്വനാഥൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.