ചാവക്കാട്: അതിതീവ്ര മഴയെ തുടർന്ന് ഗുരുവായൂർ നിയോജക മണ്ഡലത്തില്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റാന്‍ തീരുമാനം. എൻ.കെ. അക്ബർ എം.എൽ.എയുടെ അധ്യക്ഷതയില്‍ ചാവക്കാട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. അപകടകരമായ മരങ്ങള്‍ മുറിച്ച് മാറ്റാനും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താനും ഭക്ഷണവിതരണ സ്ഥാപനങ്ങളില്‍ കര്‍ശനമായ പരിശോധനക്കും നിര്‍ദ്ദേശമുണ്ടായി.
ദുരന്തനിവാരണ പ്രവർത്തന ഭാഗമായി ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ സെന്റ് തോമസ് ഹയര്‍സെക്കൻഡറി സ്കൂള്‍, ചാവക്കാട് നഗരസഭയിലെ മണത്തല ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ എന്നിവിടങ്ങളിൽ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. മണ്ഡലത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ക്യാമ്പുകള്‍ ആരംഭിക്കാനുള്ള മുന്നൊരുക്കം ഏര്‍പ്പെടുത്താൻ പഞ്ചായത്ത്, നഗരസഭ അധ്യക്ഷൻമാർക്കും സെക്രട്ടറിമാര്‍ക്കും എം.എൽ.എ നിർദേശം നൽകി.
വെള്ളപ്പൊക്ക നിയന്ത്രണ പ്രവർത്തനങ്ങളും ആരോഗ്യ ശുചിത്വ പ്രവര്‍ത്തനങ്ങളും പരിശോധനകളും നടത്താനായി വ്യാഴം, വെള്ളി ദിവസങ്ങളിൽ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും പ്രത്യേക യോഗം ചേരും. അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്കി. സര്‍ക്കാറിന്റെ വിവിധ വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലെ അപകടകരമായ മരങ്ങൾ വകുപ്പ് തലവന്മാർ മുറിച്ചു മാറ്റണം.
ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് കാനകളുടെ നിർമാണം പൂർത്തീകരിക്കാത്തതിനാലും അശാസ്ത്രീയ നിർമാണം മൂലവും തീരദേശ മേഖലയിൽ രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായതായി യോഗം വിലയിരുത്തി. അടിയന്തരമായി വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കാൻ ഡിസാസ്റ്റർ മാനേജ്മെന്റ് ഡെപ്യൂട്ടി കലക്ടറോടും ദേശീയപാത ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു. ശുദ്ധമായ കുടിവെള്ളം തടസ്സമില്ലാതെ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറോട് യോഗം നിർദ്ദേശിച്ചു.
നിയോജക മണ്ഡലത്തില്‍ ഭക്ഷണ വിതരണം ചെയ്യുന്ന ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ അടക്കം മുഴുവന്‍ സ്ഥാപനങ്ങളിലും വഴിയോര കച്ചവട സ്ഥാപനങ്ങളിലും കർശന പരിശോധന നടത്താൻ പൊതുജന ആരോഗ്യ വിഭാഗം, ഗുരുവായൂര്‍ ചാവക്കാട് നഗരസഭകള്‍, പഞ്ചായത്തുകള്‍, ഫുഡ് സേഫ്റ്റി വിഭാഗം എന്നിവരുടെ സംയുക്ത സ്ക്വാഡിന് കര്‍ശന നിര്‍ദ്ദേശം നല്കി.
തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. എല്ലാ രീതിയിലുള്ള സഹായങ്ങളും നൽകിവരുന്നതായി അഗ്നിരക്ഷാ സേന പ്രതിനിധി അറിയിച്ചു. എലിപ്പനി പ്രതിരോധ ഗുളിക വിതരണം, കിണർ ക്ലോറിനേഷൻ, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം എന്നിവ അടിയന്തരമായി പൂർത്തീകരിക്കാൻ ജില്ല മെഡിക്കൽ ഓഫിസറുടെ പ്രതിനിധിയായ വടക്കേക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രം സൂപ്രണ്ടിന് നിർദ്ദേശം നൽകി.
ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത്, ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്സൻ അനീഷ്മ ഷനോജ്, വിവിധ പഞ്ചായത്ത് പ്രസിഡണ്ടുന്റുമാരായ ടി.വി. സുരേന്ദ്രൻ, എൻ.എം.കെ. നബീൽ, സ്വാലിഹ ഷൗക്കത്ത്, ജാസ്മിൻ ഷഹീർ, വിജിത സന്തോഷ്, ഗീതു കണ്ണൻ എന്നിവർ സംസാരിച്ചു. ചാവക്കാട് തഹസിൽദാർ ടി.പി. കിഷോർകുമാർ സ്വാഗതവും ബ്ലോക്ക് സെക്രട്ടറി ധനേഷ് നന്ദിയും പറഞ്ഞു.
എരുമപ്പെട്ടി: വാഴാനി ഡാം തുറന്നതും തോരാമഴയും കാരണം വടക്കാഞ്ചേരി പുഴ കരകവിഞ്ഞൊഴുകിയ പ്രദേശങ്ങളിൽ രണ്ടാം ദിവസവും വെള്ളക്കെട്ട് ഒഴിഞ്ഞില്ല. ദുരിതബാധിത പ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും എ.സി മൊയ്തീൻ എം.എൽ.എയും ജനപ്രതിനിധികളും സന്ദർശിച്ചു.
നെല്ലുവായ് പാടത്തെ വെള്ളക്കട്ട് ഒഴിയാത്തതിനാൽ കുന്നംകുളം-വടക്കാഞ്ചേരി റൂട്ടിലൂടെയുള്ള വാഹന ഗതാഗതം ബുധനാഴ്ചയും തടസ്സപ്പെട്ടു. വേലൂർ പഞ്ചായത്തിലെ തയ്യൂർ, പഴവൂർ, വെള്ളാറ്റത്തൂർ, പുലിയന്നൂർ, പാത്രമംഗലം പ്രദേശങ്ങളിലും വെള്ളകെട്ട് ഒഴിഞ്ഞില്ല. കുണ്ടന്നൂർ ചുങ്കം, നെല്ലുവായ്, എരുമപ്പെട്ടി, തയ്യൂർ, പാത്രമംഗലം, പുലിയന്നൂർ, വെള്ളാറ്റഞ്ഞൂർ, എയ്യാൽ, ചെമ്മന്തിട്ട പ്രദേശങ്ങളിലെ നിരവധി സ്ഥാപനങ്ങളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായി. പലയിടങ്ങളിൽ നിന്നായി വഴിതിരിച്ചുവിട്ടു വന്ന വാഹനങ്ങൾ പുലിയന്നൂർ സെന്ററിലെ വെള്ളക്കെട്ടിൽ കുടുങ്ങി. കുടുങ്ങിയ ഇരുചക്ര വാഹനങ്ങളിൽ മിക്കതും കേടായി.
ഒല്ലൂര്‍: മഴക്കെടുതിയെ തുടര്‍ന്ന് ഒല്ലൂരിലും പരിസരങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി. ഒല്ലൂര്‍ പനംകുറ്റിച്ചിറ ഗവ. സ്കൂളിലും വൈലോപ്പിള്ളി ഗവ. സ്കൂളിലുമാണ് ക്യമ്പ് പ്രവര്‍ത്തിക്കുന്നത്. പനംകുറ്റിച്ചിറയില്‍ 130 പേരാണ് ക്യമ്പില്‍ എത്തിയത്. വൈലോപ്പിള്ളി ഗവ. ഹൈസ്കൂളില്‍ പടവരാട് സ്നേഹഗനോമത്തില്നിന്നുള്ള കുടുംബങ്ങാണ് താമസിക്കുന്നത്. ഇവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും കോര്പ്പറേഷന് ഒരുക്കിയിട്ടുണ്ട്.
ബുധനാഴ്ച പുലര്‍ച്ചെ മുതലാണ് പടവരാട് നിന്നുള്ള കനാലില്‍ വെള്ളം കരകവിഞ്ഞ് ഒഴുകാന്‍ തുടങ്ങിയത്. ഇതോടെയാണ് സ്നേഹഗ്രാമത്തിലേക്ക് വെള്ളം കയറിയത്. രാത്രി തന്നെ മാറി താമസിക്കാനുള്ള നിര്‍ദ്ദേശം കോര്പ്പറേഷന് നല്‍കിയിരുന്നു. പൂത്തൂര്‍ പഞ്ചായത്തിലെ കൈനൂരില്‍ രണ്ട് ക്യമ്പുകളാണ് തുറന്നത്. മഹാദേവക്ഷേത്രത്തിനോടനുബന്ധിച്ചും എന്‍.എസ്.എസ് ഹാളിലുമായാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. കുടാതെ പൂത്തൂര്‍ ഗവ. സ്കൂളിലും മരത്തക്കര സെന്റ് ജോസ് സ്കൂളിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഏകദേശം 1200 പേരാണ് നാല് ക്യാമ്പുകളിലുമായി ഉള്ളത്. പൂത്തൂര്‍ പുഴ കരകവിഞ്ഞ് ഒഴുകാന്‍ തുടങ്ങിയതോടെ പൂത്തൂര്‍ മലയോര പ്രദേശങ്ങല്‍ ഒറ്റപ്പെട്ട നിലയിലായിരുന്നു. പൂത്തൂര്‍ ഭാഗത്തേക്കുള്ള ബസ് ഗതാഗതം ഇന്നലെ മുതല്‍ നിലച്ച അവസ്ഥയിലായിരുന്നു. മരത്താക്കര ത്യക്കുര് റൂട്ടിലും ബസ് ഗതാഗതം നിർത്തി. ബുധനാഴ്ച വൈകി വെള്ളം ഇറങ്ങാന്‍ തുടങ്ങിയതിനാല്‍ വ്യഴാഴ്ച മുതല്‍ ഗതാഗതം സാധാരണ നിലയിലാവുമെന്ന പ്രതീക്ഷയിലാണ്.
കുന്നംകുളം: അപകട ഭീഷണിയുള്ള സ്ഥലങ്ങളിൽനിന്ന് ആളുകളെ ഉടൻ മാറ്റിപ്പാര്‍പ്പിക്കാൻ തഹസില്‍ദാര്‍ക്ക് എം.എല്‍.എ നിര്‍ദ്ദേശം നല്കി. കുന്നംകുളം നിയോജക മണ്ഡലത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനം ഏകോപിപ്പിക്കാനായി വിളിച്ചു ചേർത്ത യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഇതിനായി ചൊവ്വന്നൂർ ബി.ഡി.ഒ വിനീത് കെ. എമ്മിനെ നോഡൽ ഓഫിസറായി ചുമതലപ്പെടുത്തി. അടിയന്തര പ്രാധാന്യത്തോടെ തന്നെ ദുരന്തനിവാരണം തദ്ദേശ സ്ഥാപനങ്ങള്‍ വഴി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കണമെന്ന് എം.എല്‍.എ അറിയിച്ചു. എ.സി. മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയര്പേഴ്സൻ സീത രവീന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ഐ. രാജേന്ദ്രന്, ടി.ആര്. ഷോബി, കെ. രാമകൃഷ്ണന്, ഇ.എസ്. രേഷ്മ, മീന സാജന്, ചിത്ര വിനോബാജി, എസ്. ബസന്ത് ലാല്‍, ഡെപ്യൂട്ടി കലക്ടർ അമൃതവല്ലി, തഹസില്‍ദാര്‍ ഒ.ബി. ഹേമ, എ.സി.പി സന്തോഷ് സി ആർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുത്തു.
അന്തിക്കാട്: നാട്ടിക നിയോജക മണ്ഡലത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സി.സി. മുകുന്ദൻ എം.എൽ.എയുടെ അധ്യക്ഷതയില്‍ ചാഴൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ അടിയന്തര യോഗം ചേര്‍ന്നു. മണ്ഡലത്തിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് അടിയന്തര പ്രാധാന്യത്തോടെ തന്നെ ദുരന്തനിവാരണം തദ്ദേശ സ്ഥാപനങ്ങള്‍ വഴി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കണമെന്നും ഇതിന് കാലതാമസം വരുത്താന്‍ ഇടവരുതെന്നും എം.എല്‍.എ അറിയിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വെള്ളക്കെട്ട് ഒഴിവാക്കല്‍, ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കല്‍, അപകട ഭീഷണിയിലുള്ള മരങ്ങള്‍ മുറിച്ചുനീക്കല്‍ എന്നിവ അടിയന്തരമായി നടത്തണം. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ താഴെ തലം മുതല്‍ ദുരിതം അനുഭവപ്പെടുന്ന മേഖലകളില്‍ ജാഗ്രതാസമിതികള്‍ പ്രവര്‍ത്തിക്കണം. പൊലീസ്, അഗ്നിരക്ഷ സേന വകുപ്പുകളുടെ ഏകോപനവും യോഗത്തില്‍ ഉറപ്പുവരുത്തി.
അവശ്യഘട്ടങ്ങളില്‍ ചികിത്സ, മരുന്നുകളുടെ വിതരണം, രോഗീപരിചരണം എന്നിവ ആരോഗ്യ വിഭാഗം നടത്താന്‍ സന്നദ്ധമാണെന്ന് ആരോഗ്യ വകുപ്പ് പ്രതിനിധികള്‍ യോഗത്തെ അറിയിച്ചു. അപകട ഭീഷണിയുള്ള സ്ഥലങ്ങളില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കല്‍ എന്നിവ സമയബന്ധിതമായി തന്നെ നടപ്പാക്കാന്‍ എം.എല്‍.എ നിർദേശം നല്കി. ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, സെക്രട്ടറിമാർ, ജനപ്രതിനിധികൾ, വില്ലേജ് ഓഫിസർമാർ, പൊലീസ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
കൊടുങ്ങല്ലൂർ: എടവിലങ്ങിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ പ്രസിഡൻറും അംഗങ്ങളും രംഗത്തിറങ്ങി. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴ പഞ്ചായത്തിലെ നാലാംവാർഡിൽ രൂപപ്പെട്ട വെള്ളക്കെട്ട് ജനജീവിതം ദുസ്സഹമാക്കിയിരുന്നു. ഒട്ടേറെ വീടുകളും വഴികളുമെല്ലാം വെള്ളത്തിലായി. പരാതികൾ ഉയർന്നതോടെയായാണ് അധികാരികൾ വാർഡിലെത്തിയത്. അടച്ചും അടഞ്ഞതുമായി ചെറുതോടുകൾ തുറക്കുകയും തടസ്സങ്ങൾ നീക്കുകയും ചെയ്തതോടെ ദുരിതബാധിതർക്ക് ഏറക്കുറെ ആശ്വാസമായി. പണിയായുധങ്ങളുമായി സ്ഥലവാസികളും ഉണ്ടായിരുന്നു. പൊലീസും സ്ഥലത്തെത്തി. ചിലയിടങ്ങളിൽ എതിർപ്പുകൾ ഉയർന്നുവെങ്കിലും രൂക്ഷമായില്ല. പഞ്ചായത്ത് പ്രസിഡൻറ് നിഷ അജിതൻ, വാർഡ് മെംബർ സുബി പ്രമോദ്, മറ്റു അംഗങ്ങായ ഗിരീഷ് മാസ്റ്റർ, വിനിൽദാസ്, ഷാഹിന കരീം എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശ്രമദാനം.
ചെന്ത്രാപ്പിന്നി: എടത്തിരുത്തി പഞ്ചായത്തിലെ പൈനൂർ, ചെന്ത്രാപ്പിന്നി ഈസ്റ്റ് കോഴിത്തുമ്പ് എന്നിവിടങ്ങളിൽ കനോലി കനാൽ കര കവിഞ്ഞു. ഇരുപതോളം വീടുകൾ വെള്ളത്തിലായി. തുടർച്ചയായി പെയ്യുന്ന മഴയും ജില്ലയിലെ ഡാമുകളും തുറന്നതോടെ കനോലി കനാലിലും ജലനിരപ്പ് ഉയർന്നു. താഴ്ന്ന പ്രദേശമായ കോഴിത്തുമ്പ്, പൈനൂർ ഭാഗത്താണ് കനാൽ കരകവിഞ്ഞ് വെള്ളം വീട്ടുപറമ്പുകളിലേക്ക് ഒഴുകിയത്. പുഴയിൽ നിന്ന് മൂന്നടിയോളം വെള്ളം ഉയർന്നിട്ടുണ്ട്. വീടുകൾക്ക് ചുറ്റും വെള്ളം കെട്ടിനിൽക്കുന്നുണ്ട്. പുഴയിൽ കൂടുതൽ വെള്ളം ഉയരുന്നതോടെ മറ്റു പ്രദേശങ്ങളും വെള്ളക്കെട്ടിലാകാനിടയുണ്ട്. വെള്ളം കയറിയ ഭാഗത്തെ ആറ് കുടുംബങ്ങളെ ചാമക്കാല ഗവ. മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പൈനൂരിലെ ഒരു കുടുംബത്തെ ആൽഫ കെയർ ഹോമിലേക്കും മാറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.