ചാവക്കാട്: പാർട്ടി കണ്ണുരുട്ടിയതോടെ ഒരുമനയൂരിൽ രാജിവെച്ച സി.പി.എം നേതാവ് കെ.എച്ച്. കയ്യുമ്മു ടീച്ചർ പറഞ്ഞതെല്ലാം വിഴുങ്ങി. നിഷേധക്കുറിപ്പും പുറത്തുവിട്ടു. ഒരുമനയൂർ പഞ്ചായത്തിൽ ജനാഭിപ്രായത്തിനു വിപരീതമായാണ് പാർട്ടിയുടെ സഞ്ചാരമെന്നും മദ്യമാഫിയയാണ് പാർട്ടിയെ നിയന്ത്രിക്കുന്നതെന്നും ഒരു പൊട്ടിത്തെറിയോടെ പറഞ്ഞ് ഭരണ സമിതി യോഗത്തിൽനിന്ന് ഇറങ്ങി പോക്കും പാർട്ടിയിൽനിന്നുള്ള രാജിയും പ്രഖ്യാപിച്ചിരുന്നു ടീച്ചർ. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.
പഞ്ചായത്തിലെ പത്താം വാർഡ് അംഗവും കേരള കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗവും പാർട്ടിയുടെ തൊഴിലുറപ്പ് സംഘടനയുടെ ജില്ല കമ്മിറ്റി അംഗവുമാണ് കയ്യുമ്മു ടീച്ചർ. ജനകീയ അഭിപ്രായത്തിനൊത്ത കാര്യങ്ങൾ അവഗണിച്ച് പഞ്ചായത്ത് ഭരണസമിതിയുടെ മറ്റു തീരുമാനങ്ങളിൽ തന്നെ അവഗണിക്കുന്നത് പതിവാണെന്നും ചില പാർട്ടി പ്രവർത്തകർ നിരന്തരം തന്നെ മാനസികമായി ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും ടീച്ചർ അന്ന് ആരോപിച്ചു. രാജിക്കത്ത് നേതൃത്വത്തിന് നൽകേണ്ട കാര്യമില്ലെന്നും അവർ പറഞ്ഞു. താൻ സി.പി.എം അനുഭാവിയാണെന്നും എന്നാൽ പാർട്ടി പ്രവർത്തകരുടെ പ്രവൃത്തികളോട് യോജിച്ചുപോകാൻ കഴിയുന്നില്ലെന്നും അതിനാലാണ് രാജിവെക്കുന്നതെന്നുമായിരുന്നു അവരുടെ വാദം.
ഞായറാഴ്ച വൈകീട്ടാണ് ടീച്ചറുടേതായി പുതിയ വാർത്തക്കുറിപ്പ് വന്നത്. 'ഒരുമനയൂർ പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട് എന്നെ കുറിച്ചു തെറ്റിധാരണ പരത്താവുന്ന വാർത്തകൾ മാധ്യമങ്ങളിൽ വരാൻ ഇടയായിട്ടുണ്ട്. ഞാൻ സി.പി.എമ്മിെൻറ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകയായി തുടരുമെന്നും പാർട്ടി എന്നിൽ ഏൽപ്പിച്ചിട്ടുള്ള ചുമതലകളും ഉത്തരവാദിത്വങ്ങളും തുടർന്നും നടത്തുമെന്നും ഇതിനാൽ അറിയിക്കുന്നു' എന്നു വ്യക്തമാക്കി പഞ്ചായത്ത് സ്ഥിരം കമ്മിറ്റി അധ്യക്ഷ എന്ന ഔദ്യോഗിക െലറ്റർ ഹെഡിലാണ് നിഷേധക്കുറിപ്പ് പുറത്ത് വിട്ടത്.
തദ്ദേശ ഭരണ തെരഞ്ഞെടുപ്പു കഴിഞ്ഞ് ഇടത് മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ച് പ്രസിഡന്റ് പദവിയുടെ ആദ്യ ഊഴം സി.പി.ഐക്ക് ലഭിച്ചപ്പോഴും കയ്യുമ്മു പ്രതിഷേധക്കൊടി ഉയർത്തി വാർത്തയിൽ ഇടം നേടിയിരുന്നു. നേതാക്കൾ ഇടപെട്ട് അനുനയിപ്പിച്ച ശേഷമാണ് സ്ഥിരം സമിതി അധ്യക്ഷയായത്. സി.പി.ഐക്ക് ശേഷം സി.പി.എമ്മിെൻറ ഊഴമായാൽ കയ്യുമ്മു ടീച്ചറിനായിരിക്കും പ്രസിസന്റ് പദവി എന്നും കേട്ടിരുന്നു. നേരത്തെ ഒരുമനയൂർ പഞ്ചായത്തിലും ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിലും പ്രസിഡന്റ് പദവിയിലിരുന്നിട്ടുണ്ട് മുസ്ലിം ലീഗ് വിട്ട് സി.പി.എമ്മിലെത്തിയ കയ്യുമ്മു ടീച്ചർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.