ചാവക്കാട്: പിടിച്ചുപറിക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പിടികിട്ടാപുള്ളി അറസ്റ്റിൽ. മാള പൊയ്യ കോളം വീട്ടിൽ രാജിനെയാണ് (48) ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ചാവക്കാട് സ്റ്റേഷനു പുറകിലെ ആശുപത്രി റോഡിൽ ബൈക്ക് യാത്രികനായ അബ്ദുൽ വഹാബിനെ തടഞ്ഞ് നിർത്തി 10.01 ലക്ഷം തട്ടിയ കേസിലെ പ്രതികളിലൊരാളാണ് അറസ്റ്റിലായ രാജ്.
2017 ഏപ്രിൽ 15 ന് വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. രാജിനൊപ്പം കാറിൽ സഞ്ചരിച്ച നാല് പേരും, സ്കൂട്ടറിൽ സഞ്ചരിച്ച ഒരു സ്ത്രീയും, പുരുഷനുമായിരുന്നു കേസിലെ പ്രതികൾ. ഷാഡോ പൊലീസാണെന്ന് തെറ്റിദ്ധരിപ്പിച്ച് വഹാബിനെ ബലം പ്രയോഗിച്ച് കാറിൽ കയറ്റുകയായിരുന്നു. സ്കൂട്ടറിലും മടിക്കുത്തിലുമായി സൂക്ഷിച്ച പണം പിടിച്ചു പറിച്ച് വഹാബിനെ വഴിയിൽ ഇറക്കി വിടുകയായിരുന്നു. പിന്നീട് കേസന്വേഷണത്തിൽ എല്ലാ പ്രതികളെയും പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.
എന്നാൽ, രാജ് റിമാൻഡിൽ നിന്നിറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങി നാല് വർഷമായി ഒളിവിലായിരുന്നു. തൃശൂർ റേഞ്ച് ഡി.ഐ.ജി അക്ബറിന്‍റെ നേതൃത്വത്തിൽ ബാക്ക് റ്റു ബേസിക്സ് എന്ന പേരിൽ ആരംഭിച്ച ഓപ്പറേഷന്‍റെ ഭാഗമായി ഗുരുവായൂർ എ.സി.പി കെ.ജി. സുരേഷിന്‍റെ നേതൃത്വത്തിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങി നടക്കുന്ന പ്രതികളെ പിടികൂടാനായി ഒരു സ്ക്വാഡ് രൂപവത്ക്കരിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായുള്ള അന്വേഷണത്തിലാണ് രാജ് പലപ്പോഴായി രാത്രികളിൽ വീട്ടിലെത്താറുണ്ടെന്ന രഹസ്യ വിവരം ലഭിച്ചത്. തുടർന്നാണ് കഴിഞ്ഞ ദിവസം പുലർച്ചെ ഇയാളുടെ വീട്ടിലെത്തി പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.