ദേശീയ പാതയിൽ അകലാട് സ്കൂളിനു സമീപം ട്രെയിലർ ലോറിയിൽനിന്ന് കെട്ടു പൊട്ടി വീണ പാനലുകൾ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മാറ്റിയിടുന്നു

ഇടി വെട്ടുന്ന ശബ്ദം: ചോരക്കളമായി ദേശീയപാത

ചാവക്കാട്: ഇടി വെട്ടുന്ന ശബ്ദം. ചോരക്കളമായി ദേശീയപാത. രക്ഷാ പ്രവർത്തനത്തിനെത്തിയവർ കണ്ടത് നടുക്കുന്ന കാഴ്ച. ദേശീയപാത അകലാട് സ്കൂൾ പരിസരത്തുണ്ടായ ട്രെയിലർ ലോറി അപകടം ആദ്യം അറിഞ്ഞത് സമീപത്തെ അകലാട് ജുമാമസ്ജിദിലും സലഫി മസ്ജിദിലും നമസ്കരിക്കാനെത്തിയവരായിരുന്നു.

ലോറിയിൽനിന്ന് ഇരുമ്പ് പാനൽ റോഡിലേക്ക് വീഴുമ്പോൾ ഇടിവെട്ടുന്ന ശബ്ദമായിരുന്നു. ശബ്ദം കേട്ട് നടുങ്ങിയാണ് പള്ളികളിൽ നിന്നുള്ളവർ പുറത്തേക്ക് നോക്കിയത്. മുസ്‍ലിം ലീഗ് നേതാവ് എം.വി. ഷക്കീറും വട്ടംപറമ്പിൽ ഉസ്മാൻ, അകലാട് ഹംസ എന്നിവർ റോഡിലെത്തുമ്പോഴേക്കും ട്രെയിലർ ലോറിയിലെ ഇരുമ്പ് പാനൽ മൊത്തം റോഡിൽ വീണ് ചിതറിക്കഴിഞ്ഞിരുന്നു.


അപകടത്തിൽപെട്ട ട്രെയിലർ

അതിനിടെ അതിലൂടെ പോകുകയായിരുന്ന വാഹനയത്രികർ പറഞ്ഞാണ് പാനലുകൾക്കിടയിൽ ആളുണ്ടെന്ന് അറിഞ്ഞത്. ഉടൻ എല്ലാവരും പാനൽ മാറ്റാൻ തുടങ്ങി. ആദ്യം കണ്ടെത്തിയത് ഷാജിയെയായിരുന്നു. അപ്പോഴേക്കും അദ്ദേഹം മൃതപ്രായനായിക്കഴിഞ്ഞിരുന്നവെന്ന് ഷക്കീർ പറഞ്ഞു.

താലൂക്ക് ആശുപത്രിയിലെത്തുന്നതിനു മുമ്പേ മരിച്ചു. ഷാജിയെ കണ്ടെത്തിയ ഉടനെ വീണ്ടും നടത്തിയ തിരച്ചിലിലാണ് മുഹമ്മദലി ഹാജിയെ കണ്ടെത്താനായത്. അദ്ദേഹത്തിന്റെ കാലിലും മുറിവേറ്റിരുന്നു. അൽപം കഴിയുമ്പോഴേക്കും അകലാട് നബവി, എടക്കഴിയൂർ ലൈഫ് കെയർ തുടങ്ങിയ ആംബുലൻസ് പ്രവർത്തകരും പറന്നെത്തി.

എന്നാൽ, രണ്ടുപേരുടേയും ജീവൻ രക്ഷിക്കാനായില്ല. നൂറുകണക്കിന് പാനലുകൾക്കിടയിൽ ഇനിയും ആരെങ്കിലുമുണ്ടാകാമെന്ന സംശയമുയർന്നതോടെ ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൾക്കെത്തിയ മണ്ണുമാന്തിയുടെ സഹായത്തോടെയാണ് പാനലുകൾ റോഡിൽനിന്ന് മാറ്റിയത്.

അനാഥമാകുന്നത് മൂന്ന് പെൺമക്കൾ ഉൾപ്പെടുന്ന കുടുംബം

ചാവക്കാട്: ഷാജിയുടെ വേർപാടിൽ അനാഥമാകുന്നത് മൂന്ന് പെൺമക്കൾ ഉൾപ്പെടുന്ന കുടുംബം. അകലാട് ലോറിയപകടത്തിൽ മരിച്ച പഞ്ചവടി കിഴക്കത്തല അബുവിന്റെ മകൻ ഷാജിയുടെ മരണം അനാഥമാക്കിയത് മൂന്ന് പെൺമക്കൾ ഉൾപ്പെടുന്ന കുടുംബത്തെ.

പഞ്ചവടയിൽനിന്ന് ഇപ്പോൾ അകലാട് ഒറ്റയിനിലെ വാടക വീട്ടിലേക്ക് മാറിയാണ് ഷാജിയും കുടുംബവും താമസിക്കുന്നത്. സ്കൂൾ വിദ്യാർഥിനികളാണ് മക്കൾ മൂന്നുപേരും.

പൊറോട്ട മേക്കറായ ഷാജി എടക്കഴിയൂർ ആരോഗ്യ കേന്ദ്രത്തിനുസമീപത്തെ ഹോട്ടലിലാണ് ജോലിചെയ്യുന്നത്. അവിടേക്ക് പോകാനായി പുറപ്പെട്ടതായിരുന്നു. എന്നും സൈക്കിളിൽ യാത്ര ചെയ്തിരുന്ന ഷാജിക്ക് ഹോട്ടിലിലേക്ക് വരാനും പോകാനുമായി ബൈക്ക് നൽകിയത് ഉടമയാണ്. 

മുഹമ്മദലിയുടെ വേർപാട് പുണ്യയാത്രക്കൊരുങ്ങവെ

ചാവക്കാട്: ഭാര്യയുടെയും മാതാപിതാക്കളുടെയും ഖബറിടം സന്ദർശിക്കാൻ പുറപ്പെട്ട മുഹമ്മദലി ഹാജിയുടേത് അന്ത്യയാത്രയായി.

അകലാട് ട്രെയിലർ ലോറി അപകടത്തിൽ മരിച്ച പുതുവീട്ടിൽ മുഹമ്മദ് ഹാജിയുടെ മരണമുണ്ടാക്കിയ നടുക്കത്തിൽനിന്ന് മകൻ സമീർ മോചിതനായിട്ടില്ല. സംഭവം വീട്ടിൽ അറിഞ്ഞയുടൻ ഹാജിയുടെ പെൺമക്കളിൽ ചിലർ ബോധം കെട്ടുവീണു. എടക്കഴിയൂർ തെക്കെ മദ്റസക്ക് സമീപമായിരുന്നു ഹാജിയുടെ വീട്.

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മനമില്ലാ മനസ്സോടെയാണ് ആ സ്ഥലവും വീടുമെല്ലാം വിട്ട് അകലാട് ജുമാമസ്ജിദിനു പിന്നിൽ താമസമാക്കിയത്. ദേശീയപാത ഇരകളുടെ സമരത്തിലെല്ലാം ഹാജിയുമുണ്ടായിരുന്നു. തിരുവനന്തപുരത്ത് നടന്ന ധർണയിലും പ്രായം വകവെക്കാതെ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

അടുത്ത വ്യാഴാഴ്ച ഉംറ തീർഥാടനത്തിനു പോകാനുള്ള തയാറെടുപ്പിലായിരുന്നു. ഹാജിയുടെ അനുജൻ ഷംസു, ഷംസുവിന്റെ ഭാര്യ ജമീല, അവരുടെ മകൻ നൗഫൽ, നൗഫലിന്റെ ഭാര്യ ഷറിൻ, മുഹമ്മദലി ഹാജിയുടെ മകൾ സാബിറ എന്നിവരുമൊത്ത് പോകാനായിരുന്നു തീരുമാനം.

എല്ലാ നടപടികളും പൂർത്തിയായിരുന്നു. ഹാജിയുടെ ഭാര്യ ആയിഷ, മാതാപിതാക്കൾ എന്നിവരുടെ ഖബറിടം എടക്കഴിയൂർ പള്ളിയിലാണ്. എല്ലാ വെള്ളിയാഴ്ചകളിലും മുടങ്ങാതെ ഖബർസ്ഥാനിൽ പ്രാർഥിക്കാനെത്തുമായിരുന്ന ഹാജി.

പൊന്നാനിയിൽനിന്നുള്ള ആദ്യ ബസ് എത്തുംമുമ്പ് അദ്ദേഹം സ്കൂൾ പരിസരത്തെത്തി. ആ സമയത്താണ് ഷാജി ബൈക്കിൽ വരുന്നത് കണ്ടത്. കൈ കാണിച്ചയുടനെ ബൈക്ക് നിർത്തുകയും ചെയ്തു. പക്ഷേ, മരണം ട്രെയിലർ ലോറിയായി പിന്നാലെ ഇരുവരെയും പിടികൂടാൻ വല വിരിച്ചെന്ന പോലെ ഇരുമ്പ് ഷീറ്റുകൾ വാരി വിതറുകയായിരുന്നു.

പോസ്റ്റ്മോർട്ടത്തിനായി കാത്തിരുന്നത് എട്ടുമണിക്കൂർ; ആരോഗ്യ മന്ത്രി ഇടപെട്ടപ്പോൾ വേഗമായി

ചാവക്കാട്: താലൂക്ക് ആശുപത്രിയിൽ മോർച്ചറിയും പോസ്റ്റ്മോർട്ടവും നാട്ടുകാർക്ക് ദുരിതമാകുകയാണ്. അപകടങ്ങളിലും മറ്റും പരിക്കേറ്റ് മരിച്ചവരെ താലൂക്ക് ആശുപത്രിയിലെത്തിച്ചാൽ പോസ്റ്റ്മോർട്ടം കഴിഞ്ഞ് കിട്ടാൻ ഏറെ പ്രയാസപ്പെടണം. ചിലപ്പോൾ പല കാരണങ്ങൾ പറഞ്ഞ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയക്കും.

മുമ്പൊക്കെ മോർച്ചറിയിൽ സൗകര്യമില്ലെന്നായിരുന്നു പരാതി. ഇപ്പോൾ എല്ലാ സൗകര്യം ഉണ്ടായിട്ടും ‍യഥാസമയം പോസ്റ്റ്മോർട്ടം കഴിഞ്ഞ് ലഭിക്കാത്ത സാഹചര്യമാണ്. വെള്ളിയാഴ്ച ട്രെയിലർ ലോറി അപകടത്തിൽ മരിച്ച ഷാജിയുടെ മൃതദേഹം നേരെ എത്തിച്ചത് താലൂക്ക് ആശുപത്രിയിലേക്കായിരുന്നു.

രാവിലെ ആറോടെ നടന്ന മരണമായിരുന്നു ഷാജിയുടേയും മുഹമ്മദലി ഹാജിയുടേതും. എന്നാൽ, പോസ്റ്റ്മോർട്ടം നടപടിക്കായി രണ്ട് മൃതദേഹവും കാത്തുവെച്ചത് എട്ട് മണിക്കൂർ. പൊലീസ് നടപടി കഴിഞ്ഞ് പിന്നെയും മണിക്കൂറുകൾ പിന്നിട്ടു. ആശുപത്രിയിലെ ഒ.പി കഴിഞ്ഞാലെ ഡോക്ടർ വരൂവെന്നാണ് ആശുപത്രിയുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കിയത്.

12ഓടെ സ്വകാര്യ ആശുപത്രിയിൽനിന്ന് മുഹമ്മദലി ഹാജിയുടെ മൃതദേഹവുമായി എത്തിയ ആംബുലൻസ് ഒരുമണിക്കൂറിലേറെ പുറത്ത് കാത്തുകിടന്നു. അപ്പോഴും മോർച്ചറിക്കുള്ളിലെ ഷാജിയുടെ മൃതദേഹം പോസ്റ്റ്മാർട്ടം ആരംഭിച്ചിട്ടില്ലായിരുന്നു.

സഹിക്കെട്ട ബന്ധുക്കൾ പിറുപിറുക്കാൻ തുടങ്ങി. ഒടുക്കം ആരോഗ്യമന്ത്രി വീണ ജോർജിനെ തന്നെ വിളിച്ച് പരാതി അറിയിച്ചു. അതോടെ നടപടിയുമായി. രണ്ടോടെയാണ് ഷാജിയുടെ പോസ്റ്റ് മോർട്ടം ആരംഭിച്ചത്. ഡോക്ടർ എത്തി പിന്നെയും കുറേ കഴിഞ്ഞാണ് അറ്റൻഡർ എത്തിയത്.

താലൂക്ക് ആശുപത്രിയിൽ ഇത്തരത്തിലുള്ള സമീപനം മാറ്റി പുതിയ സംവിധാനം ആലോചിക്കണമെന്ന ആവശ്യം നേരത്തേയുള്ളതാണ്. പാവപ്പെട്ട മത്സ്യത്തൊഴിലാളികളും കൂലിപ്പണിക്കാർക്കും തൃശൂരിലേക്ക് മൃതദേഹവുമായി പോകുന്നത് എളുപ്പമല്ല.

Tags:    
News Summary - Sound of thunder National highway accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.