ചാവക്കാട് (തൃശൂർ): സി.പി.എമ്മിൽനിന്ന് രാജി പ്രഖ്യാപിച്ച് ഒരുമനയൂർ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽനിന്ന് പാർട്ടി നേതാവും സ്ഥിരംസമിതി അധ്യക്ഷയുമായ കെ.എച്ച്. കയ്യുമ്മു ടീച്ചർ ഇറങ്ങിപ്പോക്ക് നടത്തി. ഒരുമനയൂർ പഞ്ചായത്തിൽ ജനാഭിപ്രായത്തിനു വിപരീതമായാണ് പാർട്ടിയുടെ സഞ്ചാരമെന്നും മദ്യമാഫിയയാണ് പാർട്ടിയെ നിയന്ത്രിക്കുന്നതെന്നും കയ്യുമ്മു ടീച്ചർ 'മാധ്യമ'ത്തോട് പറഞ്ഞു.
തന്റെ തീരുമാനവും നിലപാടും പാർട്ടി നേതൃത്വത്തോട് നിരവധി തവണ അറിയിച്ചിരുന്നു. എന്നാൽ, ഒന്നും ഗൗനിച്ചില്ല. അപ്പോൾ സ്വതന്ത്രയായിനിന്ന് സ്വന്തമായ അഭിപ്രായം പ്രകടിപ്പിക്കാമെന്ന് തീരുമാനിച്ചെന്നും ടീച്ചർ വ്യക്തമാക്കി.
പഞ്ചായത്തിലെ പത്താം വാർഡ് അംഗവും കേരള കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗവും പാർട്ടിയുടെ തൊഴിലുറപ്പ് സംഘടനയുടെ ജില്ല കമ്മിറ്റി അംഗവുമാണ് കയ്യുമ്മു ടീച്ചർ.
ജനകീയ അഭിപ്രായത്തിനൊത്ത കാര്യങ്ങൾ അവഗണിച്ച് പഞ്ചായത്ത് ഭരണസമിതിയുടെ മറ്റു തീരുമാനങ്ങളിൽ തന്നെ അവഗണിക്കുന്നത് പതിവാണെന്നും ചില പാർട്ടി പ്രവർത്തകർ നിരന്തരം തന്നെ മാനസികമായി ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും ടീച്ചർ ആരോപിച്ചു. രാജിക്കത്ത് നേതൃത്വത്തിന് നൽകേണ്ട കാര്യമില്ലെന്നും അവർ അറിയിച്ചു.
ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റായും നേരത്തെ പ്രവർത്തിച്ചിട്ടുണ്ട്. താൻ സി.പി.എം അനുഭാവിയാണെന്നും എന്നാൽ പാർട്ടി പ്രവർത്തകരുടെ പ്രവർത്തികളോട് യോജിച്ചുപോകാൻ കഴിയുന്നില്ലെന്നും അതിനാലാണ് രാജിവെക്കുന്നതെന്നും ടീച്ചർ പറഞ്ഞു.
ജനങ്ങളാണ് പഞ്ചായത്ത് അംഗമായി തന്നെ തെരഞ്ഞെടുത്തിരിക്കുന്നതെന്നും അതിനാൽ ആ സ്ഥാനത്തിരുന്ന് പ്രവർത്തിക്കുമെന്നും ടീച്ചർ പറഞ്ഞു. ഒരുമനയൂർ പഞ്ചായത്തിൽ വികസന സ്ഥിരം സമിതി അധ്യക്ഷയെ ഭരണസമിതി നോക്കുകുത്തിയാക്കുന്നത് പഞ്ചായത്തിൽ വികസന മുരടിപ്പ് സൃഷ്ടിക്കുമെന്ന് കോൺഗ്രസ് നേതാവും പഞ്ചായത്ത് അംഗവുമായ കെ.ജെ. ചാക്കോ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.