ചാവക്കാട്: കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ചക്കംകണ്ടത്ത് യുവാവിനെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. പാടൂർ മമ്മസ്രായില്ലത്ത് സിയാദ് സലാം (24), പാടൂർ പുതുവീട്ടിൽ റാഷിക് റഫീഖ് (22), മല്ലാട് തെക്കുംപുറത്തു വീട്ടിൽ ഫിറോസ് കുഞ്ഞുമുഹമ്മദ് (22) എന്നിവരെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കവർച്ച, പിടിച്ചുപറി, കഞ്ചാവ്, അടിപിടി കേസുകളിൽ പ്രതികളാണിവരെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ നാലിന് വൈകീട്ട് നാലോടെ ചക്കംകണ്ടം കോളനി പുതുവീട്ടിൽ പാത്തുകുഞ്ഞിയുടെ മകൻ മനാഫിനെയാണ് (34) ചക്കംകണ്ടം ഷട്ടിൽ കോർട്ടിന് സമീപത്തെ കുറ്റികാട്ടിൽവെച്ച് ഇവർ ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ മനാഫിന് തലക്ക് 62 തുന്നൽ വേണ്ടി വന്നു. കണങ്കാലുകൾ ഒടിഞ്ഞ നിലയിലായിരുന്നു മനാഫിനെ ചാവക്കാട് രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിയിലേക്ക് മാറ്റിയ മനാഫ് ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്. കൂടെയുള്ള ഷിനാദിനും (30) ആക്രമണത്തിൽ പരിക്കേറ്റു. കേസിൽ മറ്റ് രണ്ടു പ്രതികളെ കൂടി പിടികൂടാനുണ്ട്.
മനാഫും പ്രതികളും തമ്മിലുള്ള കഞ്ചാവ് കച്ചവടത്തിെൻറ പേരിലുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചത്. സംഭവത്തിനു ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതികളുടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അവർ നിൽക്കുന്ന സ്ഥലത്തെക്കുറിച്ച് സൂചന ലഭിച്ചത്. അതിനിടയിൽ പ്രതികൾക്ക് ചെലവിനാവശ്യമായ തുക കൈമാറാൻ അവരുടെ സുഹൃത്തുക്കൾ വരുന്നുണ്ടെന്നുള്ള രഹസ്യ വിവരത്തെ തുടർന്ന് വഴിയിൽ കാത്തുനിന്ന് വാഹനത്തെ പിന്തുടർന്നാണ് പ്രതികൾ ഒളിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തിയത്. സംഘട്ടനത്തിനു ശേഷമാണ് പ്രതികളെ കീഴ്പ്പെടുത്തിയത്. എസ്.എച്ച്.ഒ കെ.വി. ജയപ്രസാദ്, എസ്.ഐമാരായ സി.കെ. രാജേഷ്, സി.കെ. നൗഷാദ്, എ.എസ്.ഐമാരായ സജിത്ത്, ബിന്ദുരാജ്, സി.പി.ഒമാരായ മുഹമ്മദ്, ശരത്ത്, ഷിനു, വിബിൻ, സിനീഷ്, റെജിൻ, അജീഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.