കാട്ടൂര്‍: കാട്ടൂര്‍ പൊഞ്ഞനത്തെ ചെറുകിട വ്യവസായ കേന്ദ്രത്തിനുസമീപം കിണറ്റില്‍ രാസ മാലിന്യം കലരുന്നതായി പരാതി. വ്യവസായ കേന്ദ്രത്തില്‍ ആസിഡ് അടക്കമുള്ള പദാര്‍ഥങ്ങള്‍ കൈകാര്യം ചെയ്യുന്നതുമൂലമാണ് മാലിന്യം കിണറ്റില്‍ കലരുന്നതെന്ന് നാട്ടുക്കാര്.
ഇതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്. കാട്ടൂര്‍ സ്വദേശിയായ തെക്കേക്കര വിന്‍സെന്റിന്റെ വീട്ടിലെ കിണറ്റിലാണ് മഴ ആരംഭിച്ചതോടെ നിറ വ്യത്യാസം കണ്ടുതുടങ്ങിയത്. ഏകദേശം അമ്പതിലധികം വര്‍ഷം പഴക്കമുള്ള കിണറാണ് കുടിവെള്ളത്തിനും മറ്റുമായി വിന്‍സെന്റും കുടുംബവും ഉപയോഗിക്കുന്നത്. വെള്ളത്തിന് രുചി വ്യത്യാസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇദ്ദേഹം സ്വകാര്യ ലാബില്‍ ജലം പരിശോധിച്ചിരുന്നു.
ഈ പരിശോധനയില്‍ ജലത്തില്‍ വേണ്ടതിന്റെ ഇരട്ടിയോളം അയേണിന്റെ സാന്നിധ്യം വര്‍ധിച്ചതായും പി.എച്ച് അളവ് വളരെ കുറഞ്ഞിരിക്കുന്നതായും ശ്രദ്ധയിൽപെട്ടത്. ഈ കിണറ്റിലെ വെള്ളം ഉപയോഗിച്ചതിനെ തുടര്‍ന്ന് ചൊറിച്ചില്‍ അനുഭവപ്പെട്ടതായും വീട്ടുകാര്‍ പറഞ്ഞു. സ്വകാര്യ ലാബിലെ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തില്‍ കിണറ്റിലെ വെള്ളം ഉപയോഗിക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു. കാക്കനാടുള്ള സര്‍ക്കാര്‍ ലാബിലും വെള്ളം പരിശോധനക്ക് നല്‍കിയിട്ടുണ്ട്.
വെള്ളം ഉപയോഗശൂന്യമായതിനെത്തുടര്‍ന്ന് മറ്റു വീടുകളിലെ ജലത്തെ ആശ്രയിച്ചാണ് വിന്‍സെന്റും കുടുംബവും കഴിയുന്നത്. സമീപത്തെ വ്യവസായ സ്ഥാപനങ്ങള്‍ രാസവസ്തുക്കള്‍ ആനാവശ്യമായി കൈക്കാര്യം ചെയ്യുന്നത് മൂലമാണ് കിണര്‍ ഉപയോഗശൂന്യമായതെന്ന് വിന്‍സെന്റ് പറഞ്ഞു.
ഇതുസംബന്ധിച്ച് കാട്ടൂര്‍ പഞ്ചായത്തിലും മലിനീകരണ നിയന്ത്രണ ഹോര്ഡിനും ആരോഗ്യ വകുപ്പിനും പരാതി നല്‍കിയിട്ടുണ്ട്. കിണറുകളില്‍ രാസമാലിന്യം കലരുന്നതായി ശ്രദ്ധയിൽപെട്ടതായും കാട്ടൂര്‍ പഞ്ചായത്തിലെ ആരോഗ്യ വിഭാഗത്തിന് ഇതുസംബന്ധിച്ച് പരാതി നല്‍കിയതായും പഞ്ചായത്ത് അംഗം മോളി പിയൂസ് പറഞ്ഞു.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന് പരാതി നല്‍കിയിട്ടുണ്ട്. കിണറില്‍ രാസമാലിന്യം കലരുന്നതില്‍ സമീപവാസികള്‍ ആശങ്കയിലാണെന്നും അവര്‍ പറഞ്ഞു. പരാതികള്‍ നല്‍കിയിട്ടും പഞ്ചായത്ത് അധികൃതര്‍ വേണ്ടത്ര രീതിയില്‍ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നീട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.