ചെറുതുരുത്തി: വീട് വെക്കാനെന്ന പേരിൽ അനുമതി വാങ്ങി കുന്നിടിച്ച് നൂറുകണക്കിന് ലോഡ് മണ്ണ് തൃശൂരിലെ സ്വകാര്യ കമ്പനിക്കായി കടത്തുന്നതായി പരാതി. മുള്ളൂർക്കര ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുനിന്നാണ് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ലോറിയിൽ മണ്ണ് കടത്തുന്നത്. സ്ഥലം ഉടമ വീട് വെക്കാനെന്ന് പറഞ്ഞാണ് മുള്ളൂർക്കര പഞ്ചായത്തിൽ രേഖാമൂലം അപേക്ഷ കൊടുത്തിരിക്കുന്നത്.
എന്നാൽ വീട് വെക്കാൻ വേണ്ടിയുള്ള സ്ഥലത്തിലെ മണ്ണെടുത്തു കഴിഞ്ഞതിന് പിന്നാലെയാണ് സമീപത്തെ വലിയ കുന്നിടിച്ച് മണ്ണ് കടത്തുന്നത്. തുടർന്ന് മുള്ളൂർക്കര മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്. വർഗീസും സമീപത്തെ വീട്ടുകാരും നാട്ടുകാരും ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി പ്രതിഷേധിച്ചു.
ഇടിഞ്ഞു വീഴാൻ സാധ്യതയുള്ള പ്രദേശത്ത് ഒട്ടേറെ വീടുകളുമുണ്ട്. പരിസരത്ത് താമസിക്കുന്ന വീട്ടുകാരും മുൻ പ്രസിഡന്റ് വർഗീസും സെക്രട്ടറിക്ക് രേഖാമൂലം പരാതി നൽകി.
ഉരുൾപൊട്ടൽ ഭീഷണിയുള്ള സ്ഥലമാണിതെന്നും മണ്ണെടുത്താൽ ഇവിടെ താമസിക്കുന്ന നൂറുകണക്കിനാളുകളുടെ ജീവൻ ഭീഷണിയാകുമെന്നും മണ്ണെടുപ്പ് നിർത്തിയില്ലെങ്കിൽ സമരവുമായി രംഗതത് വരുമെന്നും എൻ.എസ്. വർഗീസ് പറഞ്ഞു. മണ്ണെടുക്കുന്നതിനാൽ ഭീതിയോടെയാണ് ഇവിടെ കഴിയുന്നതെന്ന് പ്രദേശവാസികളായ ദേവകി സുകുമാരൻ, ഷാമില എന്നിവർ പറഞ്ഞു.
എന്നാൽ തനിക്ക് വീട് വെക്കുന്നതിന്റെ ആവശ്യത്തിന് വേണ്ടി പഞ്ചായത്തിൽ അപേക്ഷ നൽകുകയും അപേക്ഷയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് എ.ഇ യുടെ നേതൃത്വത്തിൽ സ്ഥലം പരിശോധന നടത്തുകയും അളന്നു തിട്ടപ്പെടുത്തി നൽകുകയും ചെയ്തതാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് മണ്ണെടുക്കുന്നതെന്നും സ്ഥലം ഉടമ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.