തൃശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസിൽ റിമാൻഡിലായ ബിജു കരീമിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിയ്യൂര്‍ ജില്ല ജയിലിലെ കോവിഡ് നീരിക്ഷണ ബ്ലോക്കില്‍ കഴിയവെയാണ് ദേഹാസ്വസ്ഥത ഉണ്ടായത്. തുടര്‍ന്ന് ജില്ല ജനറല്‍ ആശുപത്രിയിലും അവിടെനിന്ന് വിദഗ്ധ പരിശോധനക്കായി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച ഇരിങ്ങാലക്കുട കോടതിയാണ് ബിജുവിനെ റിമാന്‍ഡ് ചെയ്തത്.
ജയിലിലെത്തി അധികം വൈകാതെ തന്നെ അസ്വസ്ഥത കാട്ടിയിരുന്നു. പരിശോധനയില്‍ രക്തസമ്മര്‍ദം കൂടിയതായും ഇ.സി.ജിയില്‍ വ്യതിയാനവും കണ്ടെത്തിയിരുന്നു. രക്തത്തില്‍ പഞ്ചാസാരയുടെ അളവ് കൂടുതലുമായിരുന്നു. സ്ഥിരമായി രക്താതിസമ്മർദത്തിന് മരുന്നു കഴിച്ചിരുന്ന ഇയാൾ ഒളിവില്‍ പോയതിനുശേഷം മരുന്ന് മുടങ്ങിയിരുന്നു. അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നല്‍കാനിരിക്കെയാണ് രോഗലക്ഷണങ്ങള്‍ ഉണ്ടായത്.
അറസ്റ്റിലായ ദിവസം ഇയാളെ മാധ്യമങ്ങളുടെ മുന്നില്‍ കാണിക്കാതിരിക്കാന്‍ അധികൃതര്‍ ശ്രമിച്ചതായി ആരോപണമുണ്ട്. കീഴടങ്ങിയ ദിവസം കോടതിയില്‍ ഹാജരാക്കാന്‍ വൈദ്യപരിശോധന കഴിഞ്ഞ് തിരികെ ക്രൈംബ്രാഞ്ച് ഓഫിസില്‍ എത്തിച്ച കരീമിനെ ജീപ്പില്നിന്നിറക്കാതെ മറ്റൊരിടത്തിലേക്ക് കൊണ്ടുപോയിരുന്നു. ഒപ്പമുണ്ടായിരുന്ന ജീല്സിനെ ഇറക്കി ഓഫിസിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഉന്നതങ്ങളില്‍ വന്ബന്ധമുള്ള ആളാണ് കരീം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.