വണ്ടൂർ: പതിവിന് വിപരീതമായി വണ്ടൂർ താലൂക്ക് ആശുപത്രിക്ക് മുന്നിൽ ഒരു കെ.എസ്.ആർ.ടി.സി ബസ് വന്നുനിന്നു. ശനിയാഴ്ച ഉച്ചക്ക് 1.30ഓടെയായിരുന്നു സംഭവം. നാട്ടുകാരും ജീവനക്കാരും രോഗികളും അമ്പരന്നു. കാര്യമറിഞ്ഞപ്പോൾ ബസ് ജീവനക്കാർക്ക് അഭിനന്ദനപ്രവാഹം.
ചേർത്തല ഡിപ്പോയിൽനിന്നെടുത്ത ബസ് നിലമ്പൂരിലേക്ക് പോവുകയായിരുന്നു. ഭക്ഷ്യക്കിറ്റ് വാങ്ങാൻ വണ്ടൂരിലേക്ക് ടിക്കറ്റെടുത്ത തൃശൂർ മണ്ണുത്തി സ്വദേശിനി വാക്കിപ്പടി ബിന്ദുവിന് (45) വണ്ടൂരിന് സമീപം എത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. പിന്നീട് ഇവർ ബോധരഹിതയായി. തുടർന്ന് ബിന്ദുവിനെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാൻ കണ്ടക്ടർ സുനിലും ഡ്രൈവർ വർഗീസും തീരുമാനിക്കുകയായിരുന്നു.
ഇടുങ്ങിയ വഴിയിലൂടെ സാഹസികമായി ബസ് ആശുപത്രിമുറ്റത്ത് എത്തിച്ചു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ബിന്ദുവിന് പ്രഥമശ്രുഷൂഷ നൽകിയതോടെ ബോധം തെളിഞ്ഞു. ഹൃദ്രോഗിയായ ബിന്ദു രാവിലെ കാര്യമായൊന്നും കഴിച്ചിരുന്നില്ല. ജീവകാരുണ്യപ്രവർത്തകയായ ബിന്ദു മുമ്പ് വിട്ടുജോലികൾക്ക് പോകുമായിരുന്നു. രോഗിയായതോടെ വിധവയും മൂന്ന് കുട്ടികളുടെ അമ്മയുമായ ബിന്ദുവിന് ജോലിക്ക് പോകാൻ കഴിയാതെയായി. പ്രയാസം മനസ്സിലാക്കി വണ്ടൂരിലെ വാട്സ്ആപ് കൂട്ടായ്മയാണ് ഞായറാഴ്ച ഭക്ഷ്യക്കിറ്റ് വാങ്ങാൻ ക്ഷണിച്ചത്. ഞായറാഴ്ച നടക്കുന്ന ഭക്ഷ്യക്കിറ്റ് വിതരണ ചടങ്ങിലേക്ക് അബദ്ധത്തിൽ ശനിയാഴ്ചതന്നെ പുറപ്പെട്ടതാണെന്നാണ് ഇവർ പറയുന്നത്. വിവരമറിഞ്ഞ് കഫേ കുടുംബശ്രീ ഹോട്ടൽ ഉടമ കെ.സി. നിർമല ആശുപത്രിയിലെത്തി ഒരു മാസത്തേക്കുള്ള ഭക്ഷ്യക്കിറ്റിനുള്ള പണവും തിരികെ പോകാനുള്ള യാത്രക്കൂലിയും നൽകി. തുടർന്ന് ബന്ധുക്കൾ എത്തിയാണ് ബിന്ദുവിനെ കൂട്ടിക്കൊണ്ടുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.