പുന്നയൂർക്കുളം: മയക്കുമരുന്ന് ലഹരിയിൽ ബൈക്ക് തടഞ്ഞ് ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിൽ വടക്കേക്കാട് എസ്.എച്ച്.ഒ കേസെടുത്തില്ലെന്ന പരാതിയിൽ എസ്.എച്ച്.ഒയുടെ സാന്നിധ്യത്തിൽ എസ്.ഐ മൊഴിയെടുക്കാനെത്തി. എന്നാൽ, എസ്.എച്ച്.ഒയുടെ മുമ്പാകെ മൊഴിയെടുക്കുന്നതിന് പരാതിക്കാരൻ വിസമ്മതിച്ചു. അണ്ടത്തോട് മുക്രിയകത്ത് മൊയ്തീന്റെ മകൻ ഇർഫാനിൽനിന്ന് (18) മൊഴിയെടുക്കാനാണ് വടക്കേക്കാട് എസ്.ഐയും എസ്.എച്ച്.ഒയുമെത്തിയത്.
ജനുവരി 14നാണ് ഇർഫാനും കൂട്ടുകാരൻ സിറാജും ആക്രമിക്കപ്പെട്ടത്. മൻസൂർ, ഷിഫാൻ എന്നിവരാണ് ആക്രമിച്ചതെന്നാണ് പരാതി. അക്രമികൾ അണ്ടത്തോട് സെന്റർ കഴിഞ്ഞപ്പോൾ ഉച്ചത്തിൽ നാട്ടുകാരെ അസഭ്യം പറഞ്ഞ് ബൈക്കിൽ പോവുകയായിരുന്നു. ശബ്ദം കേട്ട് ഇർഫാൻ തിരിഞ്ഞു നോക്കിയതായിരുന്നു ആക്രമിക്കാൻ കാരണം. ഓടിക്കൂടിയ നാട്ടുകാർ എത്തിയാണ് യുവാക്കളെ രക്ഷിച്ചത്.
നാട്ടുകാർ കൂടിയപ്പോൾ മൻസൂർ ഓടിപ്പോവുകയും ഷിഫാൻ ബൈക്കിൽ സ്ഥലം വിടുകയും ചെയ്തു. മാരകമായ ലഹരി ഉപയോഗിച്ചാണ് അക്രമികൾ എത്തിയതെന്നാണ് ആരോപണം.
അക്രമത്തിൽ പരിക്കേറ്റ ഇർഫാനും സിറാജും അന്നുതന്നെ ചാവക്കാട് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വടക്കേക്കാട് പൊലീസ് സ്റ്റേഷനിലെത്തി എസ്.എച്ച്.ഒ മുമ്പാകെ പരാതി നൽകി. എന്നാൽ, ഒരാഴ്ചയായിട്ടും എസ്.എച്ച്.ഒ നടപടി സ്വീകരിച്ചില്ല. ഇതേ തുടർന്ന് ജനുവരി 19ന് ഇർഫാൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി.
ഗുരുവായൂർ എ.സി.പിയെ വിളിച്ച് വിവരങ്ങൾ അറിയിക്കുകയും ചെയ്തു. എ.സി.പിയെ അറിയിച്ചതിനു ശേഷം എസ്.എച്ച്.ഒ ഇർഫാനെ വിളിച്ച് പരാതി ഉണ്ടെങ്കിൽ സ്റ്റേഷനിൽ വരാനും കൂടെ മറ്റാരെയും കൂട്ടരുതെന്നും ആവശ്യപ്പെട്ടു. കേസുമായി മുന്നോട്ട് പോയാൽ കൗണ്ടർ കേസ് എടുക്കുമെന്ന ധ്വനിയിലാണ് വടക്കേകാട് എസ്.എച്ച്.ഒ സംസാരിച്ചതെന്ന് ഇർഫാൻ പറയുന്നു.
തുടർന്ന് ഫെബ്രുവരി നാലിന് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനുമുൾപ്പെടെയുള്ളവർക്ക് ഇർഫാൻ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഇർഫാനോട് സ്റ്റേഷനിൽ എത്താൻ പൊലീസ് ആവശ്യപ്പെട്ടു. ഞായറാഴ്ച ഇർഫാൻ വടക്കേക്കാട് സ്റ്റേഷനിലെത്തിയപ്പോൾ വിളിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല. പിന്നീട് എസ്.എച്ച്.ഒയും എസ്.ഐയും ഇർഫാന്റെ വീട്ടിലെത്തുകയായിരുന്നു.
എസ്.എച്ച്.ഒക്ക് എതിരായ പരാതിയിൽ മൊഴിയെടുക്കാൻ എസ്.ഐ എസ്.എച്ച്.ഒയെ കൂട്ടിയെത്തിയതും മൊഴിയെടുക്കൽ എസ്.എച്ച്.ഒ മൊബൈലിൽ ചിത്രീകരിക്കാൻ തുടങ്ങിയതും ഇർഫാന്റെ ബന്ധുക്കൾ ചോദ്യം ചെയ്തു. ഇങ്ങനെ മൊഴിയെടുക്കുന്നതിനോട് താൽപര്യമില്ലെന്ന് ഇർഫാൻ അറിയിച്ചതോടെ ക്ഷോഭത്തോടെയാണ് എസ്.എച്ച്.ഒ തിരിച്ചുപോയത്. എസ്.എച്ച്.ഒയുടെ നടപടിക്കെതിരെ വീണ്ടും പരാതി നൽകുമെന്ന് ഇർഫാന്റെ ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.