ചെറുതുരുത്തി: വീട്ടിലെ എതിർപ്പ് കാരണം സ്വാതന്ത്ര്യസമര സേനാനി ആകാനുള്ള ആഗ്രഹം നടന്നില്ലെങ്കിലും വിവിധ സമരങ്ങളിൽ പങ്കെടുത്ത് നാട്ടിൽനിന്ന് ഇംഗ്ലീഷുകാരെ പറഞ്ഞയച്ച അനുഭവങ്ങൾ പങ്കുവെക്കുകയാണ് വള്ളത്തോൾ നഗർ പുതുശ്ശേരി കണ്ടംകുമരത്ത് വീട്ടിൽ കേശവൻ നായർ (101). 1924 ജനുവരി 13ന് ശേഖരൻ നായരുടെയും കല്യാണിഅമ്മയുടെയും ആറുമക്കളിൽ മൂത്തവനായി ജനിച്ചു. അഞ്ചാം ക്ലാസുവരെ പഠിച്ചു.
പിന്നീട് പല ജോലികളും ചെയ്തു. ഇതിനിടയിൽ സ്വാതന്ത്ര്യത്തിനുവേണ്ടി എ.കെ.ജി, ഇ.എം.എസ്, പി.പി. കൃഷ്ണൻ, ഇ.പി. ഗോപാലൻ അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തിൽ നടത്തിയ സമരങ്ങളിലും ക്ലാസുകളിലും രാത്രികളിൽ വീട്ടുകാർ അറിയാതെ പോയി. പൊലീസ് പിടിച്ചപ്പോൾ കുട്ടിയല്ലേ എന്ന പരിഗണനയിൽ വിട്ടയച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
നേതാക്കന്മാരുടെ പിന്തുണയിൽ ഷൊർണൂർ റെയിൽവേയിൽ താൽക്കാലിക ജീവനക്കാരനായി ജോലി ലഭിച്ചു. ഇംഗ്ലീഷുകാരെ റെയിൽവേയിൽനിന്ന് പുറത്താക്കുക ഇവിടെയുള്ളവർക്ക് ജോലി തരുക എന്ന മുദ്രാവാക്യവുമായി നേതാക്കന്മാർക്കൊപ്പം തീവണ്ടി തടയലും അറസ്റ്റ് വരിക്കലും ഉണ്ടായി. തുടർന്ന് 1946ൽ റെയിൽവേയിൽനിന്ന് പിരിച്ചുവിട്ടു. സ്വാതന്ത്ര്യം കിട്ടിയതിന് പിന്നാലെ 1948 ഷൊർണൂർ റെയിൽവേയിൽ എൻജിൻ ഡ്രൈവറുടെ അസിസ്റ്റൻറായി ജോലി ലഭിച്ചു.
35 വർഷം സർവിസ് പൂർത്തീകരിച്ചു. നാരായണിയമ്മയാണ് സഹധർമ്മിണി. അഞ്ചു മക്കളിൽ പുതുശ്ശേരി മിത്രാനന്തപുരം ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ബിന്ദു നിവാസിൽ ഇളയ മകൾ സത്യഭാമക്കൊപ്പമാണ് കേശവൻ നായരുടെ താമസം. പുതുശ്ശേരി എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് രഞ്ജിത്തിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിലെ ഏറ്റവും മുതിർന്ന അംഗം എന്ന നിലക്ക് വിപുലമായ ആദരിക്കൽ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.