അന്തിക്കാട്: കോവിഡിലും ലോക്ഡൗണിലുംപെട്ട് വീട്ടിലിരിപ്പായ പ്രദേശവാസികൾക്ക് സ്വന്തം പറമ്പിലെ പ്ലാവിൽ കയറി ചക്കയിട്ട് സൗജന്യമായി നൽകി യുവാവ്. അന്തിക്കാട് കല്ലിടവഴി സ്വദേശി കുയിലം പറമ്പിൽ ഷമ്മിയാണ് നൂറോളം ചക്കയുമായി സഹായിക്കാൻ രംഗത്തെത്തിയത്.
ആർ.ആർ.ടി പ്രവർത്തകർ മുഖേനെയും മറ്റും പ്രദേശവാസികളിൽ ആവശ്യമുള്ളവർക്കെത്തിച്ചു നൽകി. അന്തിക്കാട് പഞ്ചായത്തിെൻറ സാമൂഹിക അടുക്കളയിലേക്ക് ചക്കയും അമ്പതോളം നാളികേരവും നൽകി.
ആർ.ആർ.ടി പ്രവർത്തകനായ പുതുശ്ശേരി മുഹമ്മദ് റാഫി, അയൽവാസിയായ പെരുമ്പുകാട്ടിൽ ഷാജു, എന്നിവരുടെ സഹകരണത്തോടെയാണ് ഷമ്മി വേറിട്ട ഈ പ്രവർത്തനം നടത്തിയത്. ആദ്യമൊന്നും ചക്ക ശ്രദ്ധിച്ചിരുന്നേയില്ലെന്നും ഇപ്പോഴത്തെ പ്രത്യേക അവസ്ഥയിൽ സമൂഹത്തിന് കഴിയാവുന്ന സഹായം എന്ന നിലക്കാണ് പ്ലാവിൽ സ്വയം കയറി ചക്കയെല്ലാം വെട്ടിയിറക്കി ആവശ്യക്കാർക്ക് നൽകിയതെന്നും ഷമ്മി പറഞ്ഞു.
അരിമ്പൂർ: കെ.എസ്.ഇ.ബി ജീവനക്കാരനായിരിക്കെ മരിച്ച മകെൻറ ഓർമ ദിനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അര ലക്ഷം രൂപ സംഭാവന നൽകി പിതാവ്. അരിമ്പൂർ പാണന്തറ വീട്ടിൽ അഭിലാഷിെൻറ (35) ഒന്നാം ചരമവാർഷിക ദിനത്തിലാണ് പിതാവ് മോഹനനും ഭാര്യ വിലാസിനിയും അര ലക്ഷം രൂപ നിയുക്ത എം.എൽ.എ മുരളി പെരുനെല്ലിക്ക് കൈമാറിയത്.
പഞ്ചായത്ത് പ്രസിഡൻറ് സ്മിത അജയകുമാർ, സി.പി.എം ലോക്കൽ സെക്രട്ടറി കെ.ആർ. ബാബുരാജ്, കൈപ്പിള്ളി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി കെ.ആർ. സുകുമാരൻ എന്നിവർ പങ്കെടുത്തു. അരിമ്പൂർ സ്വദേശി വി.ആർ. പത്മനാഭനും ഭാര്യ രമയും ചേർന്ന് ദുരിതാശ്വാസ നിധിയിലേക്ക് 10,000 രൂപയും സി.പി.എം കൈപ്പിള്ളി കിഴക്ക് ബ്രാഞ്ച് കമ്മിറ്റി 2500 രൂപയും നിയുക്ത എം.എൽ.എക്ക് കൈമാറി. വാർഡ് അംഗം സലീജ സന്തോഷ് പങ്കെടുത്തു.
കയ്പമംഗലം: കോവിഡും ലോക്ഡൗണും മൂലം ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി ഫ്രണ്ട്സ് ഫോർ എവർ ചാരിറ്റബിൾ ട്രസ്റ്റ്. വിവിധ പഞ്ചായത്തുകളിലേക്ക് അരിയും പച്ചക്കറികളും ഉൾപ്പെടെയുള്ളവ വിതരണം ചെയ്തു. ഇരിങ്ങാലക്കുട നഗരസഭ, എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം പഞ്ചായത്തുകളിലേക്കാണ് സഹായം നൽകിയത്. പെരിഞ്ഞനം പഞ്ചായത്തിലെ 1,500 ഓളം കുടുംബങ്ങൾക്കായി 750 കിലോ സവാളയും 750 കിലോ ഉരുളക്കിഴങ്ങുമാണ് ഫ്രണ്ട്സ് ഫോർ എവർ നൽകിയത്.
ഇരിങ്ങാലക്കുട നഗരസഭയിലെ സാമൂഹിക അടുക്കളയിലേക്ക് അഞ്ച് ചാക്ക് അരിയും, എടത്തിരുത്തി, കയ്പമംഗലം പഞ്ചായത്തുകളിലേക്ക് മൂന്ന് ചാക്ക് വീതം അരിയുമാണ് നൽകിയത്. പെരുന്നാളിന് 140 നിർധന കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപയും നൽകിയിരുന്നു. ഇ.ടി. ടൈസൺ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡൻറ് വിനീത മോഹൻദാസ് അധ്യക്ഷത വഹിച്ചു. ഫ്രണ്ട്സ് ഫോർ എവർ അംഗങ്ങളായ പി.എം. നൗഷാദ്, ടി.എം. അബ്ദുൽ റഷീദ്, ഹരി ലോറ, എ.കെ. പ്രകാശൻ, രാജു ശാന്തി, കെ.കെ. ബാബുരാജൻ, ഷിയാസ് വനിത, നൗഷാദ് കിങ്ങിണി, നൗഷാദ് കൂരിക്കുഴി എന്നിവർ പങ്കെടുത്തു.
മാള: ഒരുമാസമായി തൊഴിലില്ലാതെ ദുരിതത്തിലായ ഫാബ്രിക്കേഷൻ തൊഴിലാളികൾക്ക് ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്തു. കൊടുങ്ങല്ലൂർ മേഖല പുത്തൻചിറ യൂനിറ്റ് അലൂമിനിയം ലേബർ കോൺട്രാക്ടേഴ്സ് അസോസിയേഷെൻറ ആഭിമുഖ്യത്തിലാണ് ലോക്ഡൗൺ മൂലം ദുരിതത്തിലായവർക്ക് സ്നേഹ സഹായം എത്തിച്ചത്.
അലൂമിനിയം ഫാബ്രിക്കേഷൻ തൊഴിലാളികൾക്ക് വാക്സിൻ എടുക്കുന്നതിൽ മുൻഗണന നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. യൂനിറ്റ് പ്രസിഡൻറ് ഷാജിയുടെ നേതൃത്വത്തിൽ പുത്തൻചിറയിലെ ആൽക്ക മെംബർമാർക്കും കിറ്റുകൾ വീടുകളിൽ എത്തിച്ചു. മേഖല സെക്രട്ടറി പി.എസ്. ചഞ്ചൽ, യൂനിറ്റ് സെക്രട്ടറി കെ.ജെ. ബിജു, വൈസ് പ്രസിഡൻറ് എം.എൽ. ആേൻറാ, ട്രഷറർ സുൽഫിക്കർ, ബിജു ക്ലീറ്റസ്, ജോഫി എന്നിവർ നേതൃത്വം നൽകി.
വെള്ളാങ്ങല്ലൂർ: കോവിഡ് നിരീക്ഷണത്തിലുള്ള 300ലധികം വീടുകളിൽ ദിവസവും പാലും മുട്ടയും വിതരണം ചെയ്ത് വെള്ളാങ്ങല്ലൂർ പഞ്ചായത്ത്. പദ്ധതി ലോക്ഡൗൺ മൂലം ദുരിതം പേറുന്ന പഞ്ചായത്തിലെ ക്ഷീര കർഷകർക്കും ആശ്വാസമാവുന്നു. കർഷകരിൽനിന്ന് പാലും മുട്ടയും വിലകൊടുത്താണ് രോഗബാധിതരുള്ള വീടുകളിൽ എത്തിക്കുന്നത്. പഞ്ചായത്തിലെ പ്രവാസികൾ, സഹകരണ സംഘങ്ങൾ, കർഷക സംഘങ്ങൾ തുടങ്ങിയവർ പദ്ധതി ഏറ്റെടുക്കാൻ രംഗത്തെത്തി. പദ്ധതിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ഡേവീസ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എം.എം. മുകേഷ് അധ്യക്ഷത വഹിച്ചു.
എറിയാട്: കടൽക്ഷോഭത്തിലും വെള്ളക്കെട്ടിലും ദുരിതത്തിലായ തീരമേഖലയിൽ സന്നദ്ധ സേവനത്തിലൂടെ സാന്ത്വനമേകി ടീം വെൽഫെയർ-ഫ്രറ്റേണിറ്റി പ്രവർത്തകർ. കയ്പമംഗലം, കൊടുങ്ങല്ലൂർ മണ്ഡലങ്ങളിലെ പ്രവർത്തകരാണ് എറിയാട്-എടവിലങ്ങ് ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രവർത്തിക്കുന്നത്. നേരത്തെ ടീം വെൽഫെയറിെൻറ ദുരിതാശ്വാസ കമ്മിറ്റി വെള്ളം കയറിയ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ച് ക്യാമ്പിലെത്തിച്ച് ഭക്ഷണമുൾപ്പെടെയുള്ള സഹായങ്ങളും സൗകര്യങ്ങളുമെത്തിച്ചു. ശുചീകരണ പ്രവർത്തനങ്ങളിലും സജീവമായി.
പി. വെമ്പല്ലൂർ അസ്മാബി കോളജ് ഫ്രറ്റേണിറ്റി യൂനിറ്റ് മൂന്ന് ദിവസങ്ങളിലായി നടത്തിയ 'പെരുന്നാൾ വിരുന്നൊരുക്കാം'പരിപാടിയിൽ കോവിഡ് സെൻററുകളിലേക്കും ക്യാമ്പുകളിലെ അംഗങ്ങൾക്കും വിരുന്നൊരുക്കി. പോലീസുകാർക്കും ആരോഗ്യ പ്രവർത്തകർക്കും സന്നദ്ധപ്രവർത്തകർക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും തെരുവിെൻറ മക്കൾക്കും പെരുന്നാൾ ഭക്ഷണം വിതരണം ചെയ്തു. തെരുവിൽ താമസിക്കുന്നവർക്കുള്ള വിരുന്ന് കൊടുങ്ങല്ലൂരിൽ എസ്.ഐ സി.ടി. തോമസ് ഉദ്ഘാടനം ചെയ്തു. എറിയാട്ടെ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഭക്ഷണം കെ.വി.എച്ച്.എസ് സ്കൂളിൽ ടീം വെൽഫെയർ കയ്പമംഗലം മണ്ഡലം രക്ഷാധികാരി റഫീക്ക് കാതിക്കോട്, എ.എം.ഐ.യു.പി സ്കൂളിൽ ടീം വെൽഫെയർ എറിയാട് പഞ്ചായത്ത് രക്ഷാധികാരി ഇ.എ. മുഹമ്മദ് റഷീദ് എന്നിവർ പഞ്ചായത്ത് ജനപ്രതിനിധികൾക്ക് കൈമാറി. ഫ്രറ്റേണിറ്റി കൊടുങ്ങല്ലൂർ മണ്ഡലം കൺവീനർ സാലിഹ്, ജില്ല കമ്മിറ്റി അംഗം റയ്യാൻ റസൽ, സഹദ്, അബ്ദുല്ല എന്നിവരുടെ നേതൃത്വത്തിലാണ് വിതരണം നടത്തിയത്. കോവിഡ് ഭേദമായവരുടെ വീടുകളിലെ അണുനശീകരണം, കോവിഡ് രോഗികൾക്കുള്ള യാത്ര സംവിധാനം, ആരോഗ്യ സഹായങ്ങൾ, കൗൺസലിങ്, ഇൻഫർമേഷൻ ഡെസ്ക് തുടങ്ങിയ സേവനങ്ങളും ചെയ്തുവരുന്നു. പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് അഡ്വ. അംജദ്, കൺവീനർ ഷക്കീർ പി. ജമാൽ, വൈസ് ചെയർമാൻ വി.എം. ഫൈസൽ, അംഗങ്ങളായ റഷീദ്, എം.എം. അനസ്, സാബു, ഷാനു, റയ്യാൻ, ഇബ്രാഹിംകുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.