മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ പരിചരണത്തിൽ കോവിഡ് മുക്തനായ കല്ലേറ്റുങ്കര കേരള ഫീഡ്സ് ജീവനക്കാരൻ കുറിച്ചികാട്ടിൽ വീട്ടിൽ കെ.എസ്. മീരാസ മെഡിക്കൽ കോളജിലേക്ക് ഉപകരണങ്ങൾ നൽകി. കഴിഞ്ഞ ജൂലൈ 24നാണ് 57കാരനായ മീരാസയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
രോഗം മൂർച്ഛിച്ച് അതിഗുരുതരാവസ്ഥയിൽ 12 ദിവസം വെൻറിലേറ്ററിലായിരുന്നു. തുടർന്ന് 11 ദിവസം എച്ച്.ഡി.യു ഐ.സി.യുവിൽ കഴിയേണ്ടി വന്നു. കോവിഡ് നെഗറ്റിവായതിനെ തുടർന്ന് ആഗസ്റ്റ് 23നാണ് ഡിസ്ചാർജ് ചെയ്തത്. ജനറൽ മെഡിസിൻ എം 4 യൂനിറ്റ് മേധാവി ഡോ. പി.എൻ. ശ്രീജിത്ത്, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ഷംസാദ് ബീഗം എന്നിവരാണ് ചികിത്സക്ക് നേതൃത്വം നൽകിയത്.
മെഡിക്കൽ കോളജിലേക്ക് ഒരു ഡസൻ ബെഡ് കവറിങ് സ്ക്രീൻ, 'പ്രാണ എയർ ഫോർ കെയർ' പദ്ധതിയിലേക്ക് 12,000 രൂപ െചലവ് വരുന്ന ഒരു യൂനിറ്റിനുള്ള ചെക്ക് എന്നിവ നൽകിയാണ് മീരാസ് സന്തോഷം പ്രകടിപ്പിച്ചത്. അനിൽ അക്കര എം.എൽ.എ ഇവ മെഡിക്കൽ കോളജിന് കൈമാറി. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസും സൂപ്രണ്ട് ആർ. ബിജു കൃഷ്ണനും ചേർന്ന് ഏറ്റുവാങ്ങി.
ഡോ. സി. രവീന്ദ്രൻ, കെ.എൻ. നാരായണൻ, വിൽസൺ കെ. അബ്രഹാം, രാജേന്ദ്രൻ അരങ്ങത്ത്, സുരേഷ് അവണൂർ തുടങ്ങിയവർ പങ്കെടുത്തു. മീരാസയോടൊപ്പം മക്കളായ റാഹീന, അൻഫിയ, അനുജൻ കെ.എസ്. റസാക്ക്, കെ.കെ. ബാബു, പി.എം. രാജു എന്നിവരും എത്തിയിരുന്നു. ഇത് തെൻറ രണ്ടാം ജന്മമാണെന്നും അതിനായി പ്രയത്നിച്ച മെഡിക്കൽ കോളജിലെ എല്ലാവരോടും അകമഴിഞ്ഞ സ്നേഹവും നന്ദിയും പ്രകടിപ്പിക്കുന്നതായും മീരാസ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.