ഗുരുവായൂർ നഗരസഭയുടെ ‘അരികെ’ വെബിനാറിൽ മണിയൻപിള്ള രാജു സംസാരിക്കുന്നു

സി.പി. നായരും റോഡ് റോളറും വന്നത് ഗുരുവായൂരിൽനിന്ന് -മണിയൻ പിള്ള രാജു

ഗുരുവായൂർ: താൻ നിർമിച്ച് ഹിറ്റായ 'വെള്ളാനകളുടെ നാടി​െൻറ' കഥ ഓരോ ദിവസവും ഷൂട്ടിങ്ങിനായി എത്തിയിരുന്നത് ഗുരുവായൂരിൽ നിന്നായിരുന്നുവെന്ന് നടൻ മണിയൻ പിള്ള രാജു. ലോക്ഡൗൺ കാലത്തി​െൻറ വിരസതയകറ്റാൻ ഗുരുവായൂർ നഗരസഭ നടത്തി വരുന്ന 'അരികെ' വെബിനാറി​െൻറ 73ാം ദിവസം അതിഥിയായെത്തി സംസാരിക്കുമ്പോഴാണ് രാജു വെള്ളാനകൾ പിറന്ന കഥ പങ്കുവെച്ചത്.

രാജു നായകനായി അഭിനയിച്ച 'ധിംതരികിടതോം' 1985ൽ ഗുരുവായൂരിൽ ഷൂട്ടിങ് നടത്തിയതി​െൻറ ഓർമകൾ പങ്കുവെച്ചാണ് നഗരസഭാധ്യക്ഷൻ എം. കൃഷ്ണദാസ് നടനെ സ്വാഗതം ചെയ്തത്. വെള്ളാനകളുടെ നാട് ഷൂട്ടിങ് തുടങ്ങാൻ നിശ്ചയിച്ചതിന് രണ്ട് ദിവസം മുമ്പ് കഥ മാറ്റാൻ സംവിധായകൻ പ്രിയദർശൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് മണിയൻ പിള്ള രാജു പറഞ്ഞു. താൻ ഒന്ന് വീട്ടിൽ പോയിവന്ന് കഥ ശരിയാക്കാമെന്ന് ശ്രീനിവാസൻ പറഞ്ഞെങ്കിലും യാത്രക്കിടെ കോഴിക്കോട് ​െവച്ച് അദ്ദേഹം അപകടത്തിൽപ്പെട്ടു. പരിക്ക് കാര്യമില്ലാത്തതിനാൽ കഥ എഴുതി തരാമെന്ന് ശ്രീനി പറഞ്ഞു. എന്നാൽ രണ്ട് ദിവസം കഴിഞ്ഞപ്പോൾ താൻ പൊന്മുട്ടയിടുന്ന താറാവി​െൻറ ഷൂട്ടിങ്ങിനായി ഗുരുവായൂരിലേക്ക് പോകുന്നുവെന്ന ശ്രീനിയുടെ കത്താണ് കിട്ടിയത്.

ഇതോടെ എല്ലാവരും ധർമ്മസങ്കടത്തിലായെങ്കിലും ഷൂട്ടിങ് ആരംഭിക്കുന്നതിന് തൊട്ട് മുമ്പുള്ള ദിവസം ഗുരുവായൂരിൽ നിന്ന് വരുന്ന ഒരു ലോറിക്കാരൻ വശം ശ്രീനി കഥ എത്തിച്ചുതന്നു. പിന്നെ ഓരോ ദിവസവും ഷൂട്ട് ചെയ്യേണ്ട ഭാഗങ്ങൾ ഗുരുവായൂരിലെ പൊന്മുട്ടയിടുന്ന താറാവി​െൻറ സെറ്റിൽ നിന്ന് കൊടുത്തയക്കുകയായിരുന്നു. വർഷങ്ങളോളം മനസ്സിലിട്ട് താലോലിച്ച് ചർച്ചകൾ നടത്തിയ കഥ ഹിറ്റായെന്നൊക്കെ പലരും പറയുമെങ്കിലും സി.പി. നായരും റോഡ് റോളറും പപ്പുവി​െൻറ 'ഇപ്പ ശരിയാക്കിത്തരാം' എന്ന ഡയലോഗുമൊക്കെ വെള്ളാനകളുടെ നാട്ടിലൂടെ മലയാളിയുടെ മനസ്സിൽ ചേക്കേറിയത് ഇങ്ങനെയായിരുന്നുവെന്ന് രാജു പറഞ്ഞു. 20 ദിവസം കൊണ്ടാണ് ആ സിനിമ തീർത്തതെന്നും അദ്ദേഹം പറഞ്ഞു. ത​െൻറ വീട്ടിലേക്ക് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍കുമാര്‍ ഓണക്കിറ്റ് എത്തിച്ചത് 'കോമൺസെൻസുള്ളവർ' വിവാദമാക്കില്ലായിരുന്നുവെന്ന് രാജു പറഞ്ഞു.

താൻ റേഷൻ കടയിൽ നിന്ന് ഇപ്പോൾ ലഭിക്കുന്ന സാധനങ്ങളെ കുറിച്ച് നന്നായി പറഞ്ഞത് കേട്ടതി​െൻറ അടിസ്ഥാനത്തിലാണ് മന്ത്രി കിറ്റുമായി വീട്ടിലെത്തിയത്. സെലിബ്രിറ്റിയായ താൻ പണം വാങ്ങാതെ അഭിനയിച്ച ഒരു പരസ്യ ചിത്രമായി അതിനെ കണ്ടാൽ മതി. സുധീർകുമാറെന്ന തന്നെ മണിയൻ പിള്ള രാജുവാക്കിയ 1981ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത 'മണിയൻപിള്ള അഥവാ മണിയൻപിള്ളയാണ്' ത​െൻറ പ്രിയചിത്രമെന്നും അദ്ദേഹം പറഞ്ഞു.



Tags:    
News Summary - C.P. Nair and the road roller came from Guruvayur- maniyan pilla raju

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.