തൃശൂർ: മണിക്കൂറുകൾ നീളുന്ന കറവ പ്രക്രിയ ഇനി നിമിഷങ്ങൾക്കകം. കറന്നെടുത്ത പാലിെൻറ ഗുണമേന്മയും തത്സമയം അറിയാനാകും. ഇസ്രായേലിൽ നടപ്പാക്കിയ ക്ഷീരവിപ്ലവമാണ് കേരളത്തിലും എത്തുന്നത്. മണ്ണുത്തി വെറ്ററിനറി സർവകലാശാലയുടെ ലൈവ് സ്റ്റോക്ക് ഫാമിലാണ് ആദ്യമായി പദ്ധതി നടപ്പാക്കുന്നത്. ഇസ്രായേൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അത്യാധുനിക ഓട്ടോമാറ്റിക് മിൽക്കിങ് പാർലർ നാലു മാസത്തിനകം പൂർത്തിയാവുമെന്നാണ് അറിയുന്നത്.
ഇന്ത്യൻ കമ്പനിയാണ് പാർലർ സജ്ജമാക്കുന്നത്. ഇത് സ്ഥാപിച്ചാൽ നിലവിൽ ഫാമിൽ മൂന്ന് മണിക്കൂറെടുത്ത് ചെയ്തിരുന്ന പശുക്കളുടെ കറവ ഒരു മണിക്കൂറിനുള്ളിൽ കഴിയും. പാത്രം തൊടാതെ പാൽ നേരെ സംഭരണ കേന്ദ്രത്തിലെത്തും. കറന്നെടുത്ത പാലിെൻറ മേന്മയറിയുന്നതിന് പുറമെ പശുവിന് രോഗമുണ്ടെങ്കിൽ അതും തത്സമയം അറിയാനാകും.
കറവ കഴിഞ്ഞാൽ അകിടിൽനിന്ന് കപ്പ് തനിയെ മാറും. സാധാരണ മിൽക്കിങ് മെഷീൻ ഉപയോഗിച്ചാൽ കണ്ടെയ്നർ, വാക്വം പൈപ്പ്, കപ്പ് എന്നിവയെല്ലാം കഴുകി വൃത്തിയാക്കണമായിരുന്നു. ഇതിൽ കണ്ടെയ്നർ ഇല്ലെന്ന് മാത്രമല്ല, പൈപ്പും കപ്പും ജലമുപയോഗിച്ച് സ്വയം വൃത്തിയാക്കുകയും ചെയ്യും. 100 പശുക്കളെ പുതിയ യന്ത്രമുപയോഗിച്ച് കറക്കാൻ ആവശ്യമായ സമയം 75 മിനിറ്റ് മാത്രമാണ്. നിലവിൽ ഇത് മൂന്നര മണിക്കൂറിലധികമെടുത്താണ് ചെയ്യുന്നത്. 70 ലക്ഷമാണ് പുതിയ സംവിധാനത്തിന് ചെലവ് വരുന്നത്.
കിടാരികളടക്കം 400 കന്നുകാലികളാണ് മണ്ണുത്തിയിലെ വെറ്ററിനറി ലൈവ് സ്റ്റോക്ക് ഫാമിലുള്ളത്. ഇതിൽ 100 കറവയുള്ള ഫ്രീസ് വാൾ ഇനത്തിലുള്ള പശുക്കളും 26 കറവയുള്ള മുറ ഇനത്തിലുള്ള എരുമകളുമുണ്ട്. 100 പശുക്കളിൽനിന്നായി പാലിൽനിന്ന് മാത്രമായി ഒരുവർഷം രണ്ട് കോടി വരുമാനമുണ്ടാക്കി. കഴിഞ്ഞ മാസം പ്രതിദിനം 1,250 ലിറ്റർ പാൽ വരെ ഉൽപാദിപ്പിച്ചും നേട്ടമുണ്ടാക്കി. ഫാമിലെ ഔട്ട്ലറ്റുകൾ വഴിയാണ് പാൽ വിൽപന. ഓട്ടോമാറ്റിക് കറവയന്ത്രം വരുന്നതോടെ പാൽ ഉൽപാദനത്തിൽ ഇനിയും വർധനയുണ്ടാകുമെന്ന് ഫാം മേധാവി ഡോ. ശ്യാം മോഹൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.